പാകിസ്താനിൽ മതസ്വാതന്ത്ര്യമില്ല, ഹിന്ദുക്കൾ ശബ്ദമുയർത്തണം; ഹൈന്ദവക്ഷേത്രം പൊളിച്ചതിൽ പ്രതിഷേധവുമായി പാക് മുൻ ക്രിക്കറ്റ് താരം
text_fieldsകറാച്ചി: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം തകർക്കുകയും തുടർന്നുണ്ടായ ആക്രമണത്തിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ.
ചരിത്ര പ്രസിദ്ധമായ ആരാധാനായങ്ങൾ തകർക്കുമ്പോൾ അന്താരാഷ്ട്ര സമൂഹം മൗനത്തിലാണോ..? എന്നായിരുന്നു കനേരിയ ട്വീറ്റ് ചെയ്തത്. പാകിസ്താനിൽ മതസ്വാതന്ത്ര്യമില്ല. മതപരിവർത്തനം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം എന്നിങ്ങനെ എണ്ണമറ്റ ക്രൂരതകൾ അനുദിനം നടക്കുന്നുവെന്നും ഈ അനീതിക്കെതിരെ ലോക ഹൈന്ദവ സമൂഹം ശബ്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കറാച്ചിയിലെ സോൾജിയർ ബസാറിലെ മാരി മാതാ ക്ഷേത്രം വെള്ളിയാഴ്ച രാത്രി വൈകി പോലീസ് സേനയുടെ സാന്നിധ്യത്തിലാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. ക്ഷേത്രം അപകടകരമായ നിർമിതിയായി അധികൃതർ പ്രഖ്യാപിച്ചതിനാലാണ് പൊളിച്ചതെന്ന് ലോക്കൽ പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ അതിന്റെ തുടർച്ചയെന്നോളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. കാഷ്മോർ പ്രദേശത്തെ ഒരു ചെറിയ ക്ഷേത്രത്തിന് നേരെ അക്രമികൾ റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും ആരോപണമുണ്ട്.
അതേസമയം, ഹൈന്ദവ സമൂഹത്തിന്റെ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ തീവ്രവാദ വിരുദ്ധ നിയമത്തിലെ വകുപ്പുകൾ പ്രകാരം അജ്ഞാതരായ അക്രമികൾക്കെതിരെ കാഷ്മോർ-കണ്ഡ്കോട്ട് പൊലീസ് തിങ്കളാഴ്ച കേസെടുത്തു. സിന്ധ് പ്രവിശ്യയിൽ 400 പോലീസുകാരെ വിന്യസിക്കുകയും പ്രവിശ്യയിലെ ക്ഷേത്രങ്ങളിൽ അതീവ സുരക്ഷാ ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തു.
കറാച്ചിയിൽ നിരവധി പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുണ്ട്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമാണ് ഹിന്ദുക്കൾ. പാകിസ്താനിലെ ഹിന്ദു ജനസംഖ്യയുടെ ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിൽ താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

