പെഷാവർ: പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ എട്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് കറക് എസ്.പി ഇർഫാനുല്ല മർവാത്താണ് ഇവരെ സസ്പെൻഡ് ചെയ്തത്.
ഞായറാഴ്ച 45 പേർകൂടി പിടിയിലായതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 100 ആയി. 350ലേറെ പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭീകര വിരുദ്ധ കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
ക്ഷേത്രത്തിെൻറ നാശനഷ്ടങ്ങൾ വിലയിരുത്താനും പുനർനിർമാണത്തിനുമായി നാലംഗ സമിതിയെ നിയമിച്ചതായി ഖൈബർ പഖ്തൂൻഖ്വ മുഖ്യമന്ത്രി അറിയിച്ചു.
10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് നിർദേശിച്ചിട്ടുണ്ട്. ന്യൂനപക്ഷ കമീഷൻ, ചീഫ് സെക്രട്ടറി, പൊലീസ് ഐ.ജി എന്നിവരോട് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ പാക് സുപ്രീംകോടതി നിർദേശിച്ചു. ഇതിന് പുറമെ ചൊവ്വാഴ്ച കോടതിയിൽ ഹാജരായി സംഭവത്തിൽ വിശദീകരണം നൽകാൻ പ്രാദേശിക അധികൃതരോടും കോടതി നിർദേശിച്ചിട്ടുണ്ട്.