പെഷാവർ പള്ളി ചാവേർ സ്ഫോടനം; മരണം 100 കടന്നു
text_fieldsപെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നു. കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് കൂടുതൽ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെടുത്തു.
അതീവ സുരക്ഷയുള്ള പ്രദേശത്തെ പള്ളിയിലാണ് ആക്രമണമുണ്ടായതെന്നത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. നിരോധിത സംഘടന ‘തഹ്‍രീകെ താലിബാൻ പാകിസ്താൻ’ (ടി.ടി.പി) ഉത്തരവാദിത്തം ഏറ്റിട്ടുണ്ട്. ചാവേർ പ്രാർഥനക്കായി മുൻനിരയിൽതന്നെ ഇരുന്നതായാണ് പൊലീസ് പറയുന്നത്. പള്ളി ഇമാമും കൊല്ലപ്പെട്ടവരിൽപെടും. ചാവേറിന്റേതെന്നു കരുതുന്ന തല കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
പരിക്കേറ്റ 200 പേരെ ആശുപത്രിയിലെത്തിച്ചതിൽ നൂറോളം പേർ ചികിത്സക്കുശേഷം മടങ്ങി. മരിച്ചവരിൽ നിരവധി പൊലീസുകാരുണ്ടെന്നാണ് വിവരം. പൊലീസ് മേഖലയിലുള്ള പള്ളിയിൽ 400 പൊലീസുകാർ വരെ പ്രാർഥനക്കെത്താറുള്ളതായി പെഷാവർ സിറ്റി പൊലീസ് ഓഫിസർ ഇജാസ് ഖാൻ പറഞ്ഞു. സുരക്ഷാവീഴ്ച സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷണശേഷം മാത്രമേ വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താൻ പ്രസിഡന്റ് ഡോ. ആരിഫ് അലവി, പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ്, മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ എന്നിവർ സംഭവത്തെ ശക്തമായി അപലപിച്ചു.കഴിഞ്ഞ വർഷം നഗരത്തിലെ ശിയ പള്ളിയിലുണ്ടായ സമാനമായ ആക്രമണത്തിൽ 63 പേർ മരിച്ചിരുന്നു. പാകിസ്താനിലെ വിവിധ ഭീകരസംഘടനകളുടെ ഐക്യവേദിയെന്നോണം 2007ലാണ് ടി.ടി.പി നിലവിൽവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

