വിമതരെ അയോഗ്യരാക്കാൻ പാക് സർക്കാർ സുപ്രീംകോടതിയിൽ
text_fieldsഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ പ്രതിപക്ഷ കക്ഷികൾ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ മറികടക്കാനുള്ള തിരക്കിട്ട നീക്കങ്ങളുമായി പാകിസ്താൻ സർക്കാർ. ഇതിന്റെ ഭാഗമായി, അവിശ്വാസപ്രമേയത്തിൽ ഇംറാൻ ഖാനെതിരെ വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ച ഭരണകക്ഷിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) അംഗങ്ങളെ ആജീവനാന്തം അയോഗ്യരായി പ്രഖ്യാപിക്കാൻ ഭരണഘടനാ സാധുത തേടി പാക് സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകി.
സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പനിരക്കും നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നു കാണിച്ചാണ് പ്രതിപക്ഷം പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പാർട്ടിയിലെ വിമതർ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്താൽ ഇംറാന് രാജിയല്ലാതെ മറ്റുവഴികളില്ല. അതിനു തടയിടാനാണ് സർക്കാറിന്റെ തിരക്കിട്ട നീക്കം. വിമതർ പാർട്ടിയിൽ തിരിച്ചെത്തണമെന്ന് ഇംറാൻ അഭ്യർഥിച്ചിരുന്നു. സർക്കാറിനുവേണ്ടി അറ്റോണി ജനറൽ ഖാലിദ് ജാവേദ് ഖാൻ ആണ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്. 63-എ വകുപ്പനുസരിച്ച് ധനബിൽ, അവിശ്വാസ പ്രമേയം പോലുള്ള സുപ്രധാന വിഷയങ്ങളിൽ സ്വന്തം പാർട്ടി അംഗങ്ങൾ നേതാവിനെ എതിർത്ത് വോട്ട്ചെയ്താൽ അവരെ അയോഗ്യരാക്കാൻ അധികാരമുണ്ടെന്നാണ്. പാക് ചീഫ് ജസ്റ്റിസ് ഉമർ അത്വാഅ് ബന്ദിയാൽ, ജസ്റ്റിസ് മുനിബ് അഖ്തർ എന്നിവടങ്ങുന്ന ബെഞ്ച് ഹരജി ഉടൻ പരിഗണിക്കും.
അവിശ്വാസപ്രമേയം പാസാക്കാൻ പ്രതിപക്ഷത്തിന് വിമതരുടെ വോട്ട് നിർണായകമാണ്. പി.ടി.ഐയിൽ 24 അംഗങ്ങളാണ് കൂറുമാറിയത്. 342 അംഗ നാഷനൽ അസംബ്ലിയിൽ 172 പേരുടെ പിന്തുണയുണ്ടെങ്കിൽ അവിശ്വാസപ്രമേയം പാസാകും. പി.ടി.ഐക്ക് 155 അംഗങ്ങളാണുള്ളത്.
വിമതർക്കെതിരെ പി.ടി.ഐ ശനിയാഴ്ച കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കൂറുമാറിയതിന് ഈ മാസം 26നകം വിശദീകരണം നൽകണമെന്നാണ് ആവശ്യം. അതിനിടെ, സുപ്രധാന വിഷയങ്ങളിൽ സൈന്യവും പ്രധാനമന്ത്രിയുമായി ഇടഞ്ഞതോടെ ഇംറാൻ സർക്കാർ പുറത്താകുമെന്നാണ് റിപ്പോർട്ടുകൾ. പാകിസ്താനിൽ ഏതു സർക്കാറിന്റെയും നിലനിൽപിന് സൈന്യത്തിന്റെ പിന്തുണ അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

