ജമ്മുകശ്മീരും ലഡാക്കും അവിഭാജ്യ ഘടകം; പാകിസ്താൻ തീവ്രവാദത്തെ പിന്തുണക്കുന്നുവെന്നും ഇന്ത്യ
text_fieldsവാഷിങ്ടൺ: ഐക്യരാഷ്ട്ര സംഘടന തീവ്രവാദികളുടെ ലിസ്റ്റിലുൾപ്പെടുത്തിയ ഏറ്റവും കൂടുതൽ ഭീകരവാദികൾക്ക് ആതിഥേയത്വം വഹിച്ച രാജ്യമാണ് പാകിസ്താനെന്ന് ഇന്ത്യ. യു.എന്നിലാണ് ഇന്ത്യ പാകിസ്താനെതിരായ നിലപാട് ശക്തമാക്കിയത്. പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ പ്രസംഗത്തിനിടെ കശ്മീരിനെ കുറിച്ച് പരാമർശിച്ചതിനും ഇന്ത്യ മറുപടി നൽകി.
തീവ്രവാദികൾക്ക് അഭയം നൽകുകയും സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്ത ചരിത്രം പാകിസ്താനുണ്ട്. അവർ അത് ഒരു നയമാക്കിയിരിക്കുകയാണ്. ഒസാമ ബിൻലാദന് അഭയം നൽകിയത് പാകിസ്താനാണ്. ബിൻലാദനെ രക്തസാക്ഷിയായാണ് പാകിസ്താൻ ഇപ്പോഴും പരിഗണിക്കുന്നതെന്നും യു.എൻ പൊതുസഭയിൽ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ പറഞ്ഞു.
ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. പാകിസ്താൻ അനധികൃതമായ കൈവശംവെച്ചിരിക്കുന്ന ഭാഗങ്ങളും ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്നും യു.എൻ പൊതുസഭയിൽ സ്നേഹ ദുബെ നിലപാട് വ്യക്തമാക്കി. യു.എൻ പൊതുസഭയിലെ പ്രസംഗത്തിൽ പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ കശ്മീരിനെ കുറിച്ച് പരാമർശിച്ചിരുന്നു. ഹുറിയത് നേതാവ് സയിദ് അലി ഷാ ഗിലാനിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ഇംറാൻ ഖാന്റെ പരാമർശം.

