ബലാത്സംഗം ചെയ്തവർ ബ്ലാക്ക് മെയ്ൽ ചെയ്തു; പാകിസ്താനിൽ പെൺകുട്ടി ജീവനൊടുക്കി
text_fieldsകറാച്ചി: ബലാത്സംഗം ചെയ്തവർ ജാമ്യത്തിലിറങ്ങിയ ശേഷം ബ്ലാക്ക്മെയിൽ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് 17 വയസ്സുള്ള ഹിന്ദു പെൺകുട്ടി കിണറ്റിൽ ചാടി ജീവനൊടുക്കി. സിന്ധ് പ്രവിശ്യയിലെ താർപർകാർ ജില്ലയിലാണ് സംഭവം.
2019 ജൂലൈ മധ്യത്തിൽ മൂന്നുപേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യം ചിത്രീകരിക്കുകയും ചെയ്തു. കോവിഡ് മഹാമാരി മൂലം വിചാരണ നീണ്ടതിനെ തുടർന്ന് പ്രതികൾ ജാമ്യത്തിലിറങ്ങി. സ്വാധീനമുള്ള പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതാണ് ജീവനൊടുക്കാൻ കാരണമെന്നും പിതാവും ബന്ധുക്കളും മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒക്ടോബർ 15ന് വിചാരണ ആരംഭിക്കാനിരിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അഭിഭാഷകൻ മോഹൻ മത്രാനി പറഞ്ഞു. അതേസമയം, പൊലീസ് പുതിയ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. ഭീഷണിപ്പെടുത്തിയതായി പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയാൽ കേസെടുക്കുമെന്നും ചെൽഹാർ സ്റ്റേഷൻ ഹൗസ് ഒാഫിസർ പറഞ്ഞു.

