ഇംറാന്‍റെയും പാക് രാഷ്ട്രീയത്തിന്റെയും ഭാവി കോടതിക്കു മുന്നിൽ
text_fieldsഇസ്ലാമാബാദിൽ വാർത്തസമ്മേളനം നടത്തുന്ന പാക് പ്രതിപക്ഷ നേതാക്കളായ (ഇടത്തുനിന്ന്) ബിലാവൽ ഭുട്ടോ സർദാരി, ശഹബാസ് ശരീഫ്, അസദുറഹ്മാൻ എന്നിവർ
ഇസ്‍ലാമാബാദ്: ഭരണം കൈവിടുമെന്ന ഘട്ടത്തിൽ അപ്രതീക്ഷിത നീക്കത്തിലൂടെ കളം നിറഞ്ഞ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെയും ഈ നീക്കംവഴി ഭരണഘടന പ്രതിസന്ധിയിലായ പാക് രാഷ്ട്രീയത്തിന്റെയും ഭാവി ഇനി സുപ്രീംകോടതിയുടെ കൈയിൽ. കാവൽ പ്രധാനമന്ത്രി അധികാരമേൽക്കുംവരെ ഇംറാൻ ഖാൻ പദവിയിൽ തുടരുമെന്ന് പ്രസിഡന്റ് ആരിഫ് ആൽവി തിങ്കളാഴ്ച വാർത്തക്കുറിപ്പ് ഇറക്കിയത് ഇംറാന് 'ഇടക്കാല ആശ്വാസ'മായി. പ്രതിപക്ഷ ഹരജിയിൽ ചൊവ്വാഴ്ചയും വാദം തുടരുമെന്നും എല്ലാവരുടെയും ഭാഗം കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് ഉമർ അത്ത ബന്ദിയാൽ നേതൃത്വം നൽകുന്ന ബെഞ്ചിന്റെ പ്രഖ്യാപനത്തിലാണ് ഇനി പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.
അതേസമയം, കാവൽ പ്രധാനമന്ത്രിപദത്തിലേക്ക് പേരു നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി ഇംറാൻ ഖാൻ, പാക് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹ്മദിന്റെ പേര് നിർദേശിച്ചു. എന്നാൽ, പേരു നിർദേശിക്കാനാവശ്യപ്പെട്ട് തനിക്കും പ്രസിഡന്റിന്റെ കത്ത് ലഭിച്ചുവെന്നും എന്നാൽ, നിയമന പ്രക്രിയയിൽ താൻ പങ്കെടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് ശഹബാസ് ശരീഫ് പ്രതികരിച്ചു. പ്രസിഡന്റും പ്രധാനമന്ത്രിയും നിയമം ലംഘിച്ചതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച പ്രധാനമന്ത്രിക്കെതിരെ പാർലമെന്റിൽ പ്രതിപക്ഷ കൂട്ടായ്മ കൊണ്ടുവന്ന അവിശ്വാസ പ്രമേയം, വിദേശകരങ്ങളാൽ പ്രേരിതമായ നീക്കമെന്ന് പറഞ്ഞ് ഡെപ്യൂട്ടി സ്പീക്കർ തള്ളിയിരുന്നു. ഇതിനു പിന്നാലെ, പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇംറാൻ പ്രസിഡന്റിനോട് ശിപാർശ ചെയ്യുകയുമുണ്ടായി. അവിശ്വാസം തള്ളിയ നടപടിക്കെതിരെ അന്നുതന്നെ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു.
ദേശീയ അസംബ്ലിയും കേന്ദ്രമന്ത്രിസഭയും ഭരണഘടനപ്രകാരം പിരിച്ചുവിട്ടതായി പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നൽകിയ കത്തിൽ പ്രസിഡന്റ് പറയുന്നു. ദേശീയ അസംബ്ലി പിരിച്ചുവിട്ട് മൂന്നു ദിവസത്തിനുള്ളിൽ കാവൽ പ്രധാനമന്ത്രി നിയമനം അംഗീകരിച്ചില്ലെങ്കിൽ, പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും രണ്ടുപേരുകൾ വീതം സ്പീക്കർ നിയോഗിച്ച സമിതിക്കു മുമ്പാകെ നൽകാമെന്നും പറയുന്നു. പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവു ചേർന്നാണ് സമിതിയംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്. കാവൽ പ്രധാനമന്ത്രിയെ നിയമിക്കാൻ പ്രസിഡന്റിനാണ് ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

