പാക് സംഘർഷം: ഉത്തരവാദികളെ സൈനിക കോടതിയിൽ വിചാരണ ചെയ്യും
text_fieldsഇസ്‍ലാമാബാദ്: മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചവരെ സൈനിക കോടതിയിൽ വിചാരണ ചെയ്യാനുള്ള ദേശീയ സുരക്ഷ സമിതിയുടെ തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. മേയ് ഒമ്പതിന് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യവ്യാപകമായി രൂക്ഷമായ സംഘർഷമാണുണ്ടായത്. സൈനിക ആസ്ഥാനത്തിനുനേരെയും ആക്രമണം നടന്നു.
ശനിയാഴ്ച പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ അധ്യക്ഷതയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് കലാപത്തിൽ പങ്കെടുത്തവരെ സൈനിക കോടതിയിൽ വിചാരണ ചെയ്യാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയത്. അക്രമാസക്തമായ കലാപത്തിൽ പങ്കെടുത്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് ദേശീയ സുരക്ഷ സമിതിയും കോർപ്സ് കമാൻഡേഴ്സ് കോൺഫറൻസും പ്രഖ്യാപിച്ചിരുന്നു.
അതേസമയം, പഞ്ചാബിൽനിന്ന് അറസ്റ്റിലായ 123 ഇമ്രാൻ ഖാൻ അനുകൂലികളെ വിട്ടയക്കാൻ പാക് കോടതി ഉത്തരവിട്ടു. പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പ്രവർത്തകരാണ് ഇവർ. താമസമില്ലാതെ ഇവരെ വിട്ടയക്കണമെന്ന് ലാഹോർ ഹൈകോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഫൈസാബാസിൽനിന്ന് അറസ്റ്റിലായ ഇവർ പഞ്ചാബിലെ വിവിധ ജയിലുകളിലാണ് ഇപ്പോൾ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

