പാക് സൈനിക മേധാവി ആസിം മുനീർ വീണ്ടും യു.എസിലേക്ക്; രണ്ട് മാസത്തിനിടെ രണ്ടാം സന്ദർശനം
text_fieldsആസിം മുനീർ, ഡോണൾഡ് ട്രംപ്
ന്യൂഡൽഹി: പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ ഈ മാസം യു.എസ് സന്ദർശിക്കും. രണ്ട് മാസത്തിനിടെ നടത്തുന്ന രണ്ടാം സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം. യു.എസ് സെൻട്രൽ കമാൻഡ് കമാൻഡർ ജനറൽ മൈക്കൽ കുരിലയുടെ യാത്രയയപ്പ് പരിപാടിയിൽ ആസിം മുനീർ പങ്കെടുക്കും.
നേരത്തെ, ഭീകരതക്കെതിരായ പോരാട്ടത്തിൽ പാകിസ്താൻ അസാധാരണ പങ്കാളിയാണെന്ന് മൈക്കൽ കുരില വിശേഷിപ്പിച്ചിരുന്നു. മധ്യപൂർവേഷ്യയിൽ യു.എസിന്‍റെ സൈനിക നീക്കങ്ങൾ നിയന്ത്രിച്ചിരുന്ന ഫോർ-സ്റ്റാർ ആർമി ജനറലായ കുരില, ഈ മാസം വിരമിക്കും. രണ്ട് മാസം മുമ്പ് യു.എസ് ഇന്‍റലിജൻസ് നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ അഞ്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പിടികൂടിയ പാകിസ്താനെ കുരില പ്രശംസിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം പാകിസ്താനുമായി ഇന്ത്യ അകലം പാലിക്കുന്നതിനിടെയാണ് യു.എസ് കൂടുതൽ അടുക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ജൂണിൽ യു.എസിലെത്തിയ ആസിം മുനീർ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ പാക് സൈനിക മേധാവിയുമായി ആദ്യമായാണ് ഒരു യു.എസ് പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ -പാകിസ്താൻ സംഘർഷം ലഘൂകരിക്കുന്നതിൽ ആസിം മുനീറിന്‍റെ ഇടപെടൽ നിർണായകമായെന്ന് ട്രംപ് പറഞ്ഞു. ഇതിന് പ്രത്യുപകാരമെന്നോണം ട്രംപിനെ നൊബേലിന് ശുപാർശ ചെയ്യുന്നതായി പാകിസ്താൻ പ്രഖ്യാപിച്ചു. ഇന്ത്യ -പാകിസ്താൻ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് ആവർത്തിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

