പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
text_fieldsതെഹ്‌റാൻ: ഇറാനിയൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതിനായി പാക് സൈനിക മേധാവി ആസിം മുനീർ തിങ്കളാഴ്ച ടെഹ്‌റാനിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള "വളരെ മികച്ചതും വിശിഷ്ടവുമായ ബന്ധത്തിന്റെ" ഭാഗമായാണ് ഈ സന്ദർശനമെന്ന് ഇറാൻ പറഞ്ഞു. സന്ദർശനത്തിന് മുന്നോടിയായി ആസിം മുനീർ കഴിഞ്ഞ ആഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാനുമായി വ്യാപാരം തുടരുകയോ പിന്തുണക്കുകയോ ചെയ്യുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക സാമ്പത്തിക നടപടികൾ തയ്യാറാക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു ഇരുവരുടെയും സംഭാഷണം. മേഖലാ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇസ്ലാമാബാദിന്റെ ശ്രമങ്ങളുടെ ഭാഗമാണ് സന്ദർശനമെന്ന് പാക് സൈന്യവും അറിയിച്ചു.
ഇറാൻ - അമേരിക്ക ഇടക്കാല സമാധാന കരാറിൽ നിന്ന് ഇരു രാജ്യങ്ങളും പിൻവാങ്ങുകയും പുതിയ സംഘർഷങ്ങൾ ഉടലെടുക്കുകയും മേഖലയിൽ വീണ്ടും കനത്ത സംഘർഷത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുകയും ചെയ്യുന്നതിനിടയിലാണ് മുനീറിന്റെ സന്ദർശനം. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഈയുമായി അടുപ്പമുള്ള വ്യക്തികളെ മുനീർ കാണുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. യുഎസിനും ഇറാനുമിടയിൽ മധ്യസ്ഥന്റെ പങ്ക് വഹിച്ച പാകിസ്താൻ, സമീപകാല പോരാട്ടങ്ങൾക്കിടയിലും ഇറാനുമായി സാമ്പത്തിക ബന്ധം നിലനിർത്തിയിട്ടുണ്ട്.
പാകിസ്താന്റെ പ്രധാന സഖ്യകക്ഷിയായ സൗദി അറേബ്യക്ക് നേരെ ഇറാൻ അനുകൂല ഹൂതികൾ നടത്തിയ ആക്രമണങ്ങളും, പാകിസ്താന, സൗദി അറേബ്യ, തുർക്കി എന്നിവ ഉൾപ്പെടുന്ന അടുത്തിടെ ഒപ്പുവെച്ച പരസ്പര പ്രതിരോധ കരാറും മുനീർ ചർച്ച ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ജൂണിൽ ഒരു താത്കാലിക ധാരണയിലെത്താനുള്ള മധ്യസ്ഥ ശ്രമങ്ങൾ നടത്തിയതും പാകിസ്താനായിരുന്നു.
ഒമാൻ വിദേശകാര്യ മന്ത്രി ബദർ ബിൻ ഹമദ് അൽ ബുസൈദിയും ചൊവ്വാഴ്ച തെഹ്‌റാനിലെത്തും. ഇരുവരുടെയും സന്ദർശനം തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചപ്പോൾ യാതൊരു ബന്ധവുമില്ലെന്നും യാദൃശ്ചികമായി ഒത്തുവന്നതാണെന്നും ബഖാഈ വ്യക്തമാക്കി.
ആഗസ്റ്റ് 7-ന് പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവർ മക്ക സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ച് അധികം വൈകാതെയാണ് മുനീറിന്റെ സന്ദർശനവും നടക്കുന്നത്. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെയുള്ള സായുധ ആക്രമണം മൂന്നിനും എതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും മെച്ചപ്പെട്ട പ്രതിരോധ സഹകരണവും കൂട്ടായ പ്രതിരോധവും ഉറപ്പുനൽകുന്നുവെന്നുമാണ് കരാർ വ്യവസ്ഥ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

