റഷ്യ- യുക്രെയ്‌ൻ സംഘർഷം; 8500 സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് റഷ്യ
text_fieldsമോസ്കോ: യുക്രെയ്‌ൻ സൈനിക ആക്രമണങ്ങളിൽ റഷ്യയിൽ 8,500 സാധാരണക്കാർ കൊല്ലപ്പെട്ടതായിവിദേശകാര്യ മന്ത്രാലയത്തിന്റെ അംബാസഡർ-അറ്റ്-ലാർജ് റോഡിയൻ മിറോഷ്‌നിക്. 2022 ഫെബ്രുവരി മുതൽ 2026 ജൂൺ 30 വരെ ആകെ 30,913 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ റഷ്യയുടെ 42 പ്രദേശങ്ങളിലെ സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് യുക്രെയ്‌ൻ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി മിറോഷ്‌നിക് പറഞ്ഞതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ആകെ 373 കുട്ടികൾ കൊല്ലപ്പെട്ടു. സാധാരണക്കാർക്ക് നേരെയുള്ള യുക്രെയ്‌ന്റെ ആക്രമണങ്ങളെ റഷ്യ അപലപിക്കുകയും, ഈ സംഭവങ്ങളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് ഓഫീസിന് ഔദ്യോഗിക നയതന്ത്ര കുറിപ്പ് നൽകുകയും ചെയ്തു.
വെള്ളിയാഴ്ച മോസ്കോയെ ലക്ഷ്യമിട്ട് വന്ന 28 ഡ്രോണുകളെ റഷ്യൻ വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടതായി മോസ്കോ മേയർ സെർജി സോബിയാനിൻ അറിയിച്ചു.അതേസമയം കിഴക്കൻ യുക്രെയ്‌നിലെ കോൺസ്റ്റാന്റിനോവ്ക നഗരം പൂർണ്ണമായി തങ്ങളുടെ നിയന്ത്രണത്തിലാക്കിയതായി റഷ്യ അവകാശപ്പെട്ടു.
യുക്രെയ്‌നിലെ ഡൊനെറ്റ്സ്ക് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന താവളമാണ് കോൺസ്റ്റാന്റിനോവ്ക. തന്ത്രപരമായി വലിയ പ്രാധാന്യമുള്ളതാണ് ഇതെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ പറഞ്ഞു. റഷ്യയിലെ സാധാരണക്കാരുടെ സൗകര്യങ്ങൾക്ക് നേരെ യുക്രെയ്‌ൻ എത്രത്തോളം ആക്രമണം നടത്താൻ ശ്രമിക്കുന്നുവോ, അത്രത്തോളം ആ സൗകര്യങ്ങളെയും സാധാരണക്കാരെയും സംരക്ഷിക്കാൻ റഷ്യ കൂടുതൽ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്ന് പുടിൻ ചൂണ്ടിക്കാട്ടി. "ശത്രു ഇത്തരം ശ്രമങ്ങൾ എത്രത്തോളം വർദ്ധിപ്പിക്കുന്നുവോ, അത്രത്തോളം വലിയ സുരക്ഷാ ബഫർ സോൺ നമുക്ക് അയൽപ്രദേശങ്ങളിൽ സ്ഥാപിക്കേണ്ടി വരും," അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

