ബ്രിട്ടനിലെ മ്യൂസിയത്തിൽ നിന്നും 600ലധികം പുരാവസ്തുക്കൾ മോഷണം പോയി
text_fieldsലണ്ടൻ: ബ്രിസ്റ്റളിലെ മ്യൂസിയത്തിൽ നിന്നും 600ലധികം പുരാവസ്തുക്കൾ മോഷ്ടിച്ച കേസിലെ പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലെ ഇന്ത്യയിൽ നിന്നുള്ള നിരവധി പുരാവസ്തുക്കൾ ഉൾപ്പടെയുള്ള അമൂല്യ വസ്തുക്കളാണ് മോഷണം പോയത്. എന്നാൽ സെപ്റ്റംബർ 25ന് നടന്ന കവർച്ചയുടെ വിവരങ്ങൾ പൊലീസ് പുറത്തുവിടുന്നത് രണ്ട് മാസത്തിന് ശേഷമാണ്.
പുലർച്ചെ 1:00നും 2:00 നും ഇടയിലാണ് നഗരത്തിലെ കംബർലാൻഡ് പ്രദേശത്ത് കവർച്ച നടന്നത്. പത്തൊമ്പതാം നൂറ്റാണ്ട് മുതൽ ഇക്കാലം വഴരെയുള്ള അതുല്യ ശേഖരങ്ങൾ അടങ്ങിയ മ്യൂസിയത്തിൽ നിന്നാണ് പുരാവസ്തുക്കൾ മോഷണം പോയത്. മോഷണം നടത്തിയതെന്ന് കരുതപ്പെടുന്ന നാല് പേരുടെ മങ്ങിയ ദൃശ്യങ്ങൾ പുറത്തുവിട്ടായിരുന്നു പൊലീസ് മോഷണ വിവരം പുറത്തറിയിച്ചത്.
സി.സി.ടി.വി ദൃശ്യത്തിലുള്ള ആളുകളെ തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്. ആനക്കൊമ്പിൽ നിർമിച്ച ബുദ്ധ വിഗ്രഹവും ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥന്റെ അരപ്പട്ടയുടെ ബക്കിളും ഉൾപ്പടെയുള്ള സാധനങ്ങൾ നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മോഷണം പോയ സാധനങ്ങൾ മിക്കതും സാംസ്കാരിക മൂല്യമുള്ളതും സംഭാവനയായി ലഭിച്ചവയുമാണ്.
സംസ്കാരിക മൂല്യമുള്ള പുരാവസ്തുക്കളുടെ മോഷണം നഗരത്തിന് വലിയ നഷ്ടമാണ് വരുത്തിയതെന്ന് ഡിറ്റക്ടീവ് കോൺസ്റ്റബിൾ ഡാൻ ബർഗൻ പറഞ്ഞു. ബ്രിട്ടന്റെ ചരിത്രം പറയുന്ന അമൂല്യ വസ്തുക്കളുടെ മോഷണത്തിന് കാരണക്കാരായവരെ നിയമത്തിൽ കൊണ്ടു വരണമെന്നും അതിനായി ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ മോഷണം നടന്ന വിവരം പുറത്തറിയിക്കാൻ പൊലീസ് വൈകിയതിന്റെ കാരണം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

