ഇസ്രായേൽ വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ ഗസ്സയിൽ കൊല്ലപ്പെട്ടത് 480 പേർ
text_fieldsഗസ്സ: ഇസ്രായേൽ വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ 480 പേർ കൊല്ലപ്പെട്ടു. ഗസ്സ ആരോഗ്യ വകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേൽ ആക്രമണം തുടങ്ങി ഇതുവരെ 7,028 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ 66 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നും ഗസ്സ ആരോഗ്യവകുപ്പ് അറിയിച്ചു.
നിയന്ത്രിതമായ രീതിയിൽ ഗസ്സയിലേക്ക് കടന്നുകയറി ആക്രമണം നടത്തിയെന്ന് ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു. കരയാക്രമണമാണ് നടത്തിയതെന്നും പ്രതിരോധസേന അറിയിച്ചു. ദിവസങ്ങൾക്കിടെ ഇത് രണ്ടാം തവണയാണ് ഇസ്രായേൽ പ്രതിരോധസേന കരയാക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസവും ഇസ്രായേൽ പ്രതിരോധസേന കരയാക്രമണം നടത്തിയിരുന്നു.
അതേസമയം, ഇസ്രായേൽ ആക്രമണങ്ങളിൽ ഗസ്സയിലെ താമസയോഗ്യമായ കെട്ടിടങ്ങളുടെ 45 ശതമാനവും തകർന്നുവെന്ന് അദ്ദേഹം പറഞ്ഞു. 219 സ്കൂൾ കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. 14 ലക്ഷം പേരാണ് അഭയാർഥികളായത്. ഇതുവരെ 101 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ 24 ആശുപത്രികൾ ഒഴിപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറിനിടെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ 250 വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഖാൻ യൂനുസിൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു.
അതിനിടെ ഗസ്സയിലേക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് യുറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഗസ്സയിലെ ആക്രമണം താൽകാലികമായി നിർത്തി ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിക്കണമെന്നും യുറോപ്യൻ യൂണിയൻ അംഗങ്ങൾ ആവശ്യപ്പെട്ടു.
രണ്ട് ദിവസം നടന്ന സമ്മേളനത്തിനൊടുവിലാണ് ഇക്കാര്യത്തിൽ യുറോപ്യൻ യൂണിന്റെ ഔദ്യോഗിക പ്രസ്താവന പുറത്ത് വന്നത്. 27 ഇ.യു അംഗങ്ങളും പ്രസ്താവനയെ അനുകൂലിച്ചുവെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രിയാണ് പ്രസ്താവനയിൽ അന്തിമ ധാരണയായത്.
എല്ലാ സിവിലിയൻമാരേയും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ അനുസരിച്ച് സംരക്ഷിക്കണമെന്നും യുദ്ധത്തിനിടെ സിവിലിയൻമാർക്ക് ജീവൻ നഷ്ടപ്പെടരുതെന്നും യുറോപ്യൻ യൂണിയൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഗസ്സയിലെ സാധാരണ ജനങ്ങളുടെ അവസ്ഥയിൽ യുറോപ്യൻ കൗൺസിൽ കടുത്ത ആശങ്കയും പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

