പാകിസ്താനിൽ 22 ലക്ഷത്തിലധികം ഹിന്ദുക്കൾ; ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമെന്ന് റിപ്പോർട്ട്
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു സമുദായത്തിൽപ്പെട്ട 22,10566 ആളുകളുണ്ടെന്ന് സെന്റർ ഫോർ പീസ് ആൻഡ് ജസ്റ്റിസ് പാകിസ്താന്‍റെ റിപ്പോർട്ട്. ന്യൂനപക്ഷമായ ഹിന്ദുക്കൾ മൊത്തം രജിസ്റ്റർ ചെയ്ത ജനസംഖ്യയുടെ 1.18 ശതമാനമാണ്. നാഷനൽ ഡാറ്റാബേസ് ആൻഡ് രജിസ്ട്രേഷൻ അതോറിറ്റി (എൻ.എ.ഡി.ആർ.എ) യിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്.
പാകിസ്താനിലെ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് ന്യൂനപക്ഷങ്ങൾ ഉള്ളതെന്നും ഹിന്ദുക്കൾ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമാണെന്നും റിപോർട്ടിൽ പറയുന്നു. രണ്ട് ശതമാനത്തിൽ താഴെയുള്ള ഹിന്ദുക്കളിൽ 95 ശതമാനവും തെക്കൻ പ്രവിശ്യയായ സിന്ധ് പ്രവശ്യയിലാണ് താമസിക്കുന്നത്. അവിടെ ഇവർ മുസ്‌ലിം നിവാസികളുമായി സംസ്കാരവും പാരമ്പര്യവും ഭാഷയും പങ്കിടുന്നു. തീവ്രവാദികളുടെ ശല്യമാണ് നേരിടുന്ന പ്രധാന വെല്ലുവിളി.
മാർച്ച് വരെയുള്ള എൻ.എ.ഡി.ആർ.എ ഡാറ്റ അനുസരിച്ച്, രജിസ്റ്റർ ചെയ്ത മൊത്തം ആളുകളുടെ എണ്ണം 18,68,90601 ആണ്. അതിൽ 18,25,92000 മുസ്‌ലിംകളാണ്. കംപ്യൂട്ടറൈസ്ഡ് നാഷണൽ ഐഡന്റിറ്റി കാർഡുകൾ (സി.എൻ.ഐ.സി) നേടിയ ന്യൂനപക്ഷങ്ങളുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ ശേഖരിച്ച റിപ്പോർട്ടിൽ 1400 നിരീശ്വരവാദികൾ ഉൾപ്പെടെ വിവിധ വിശ്വാസങ്ങളിലും മതങ്ങളിലുംപ്പെട്ട 17 വിഭാഗങ്ങൾ ഉണ്ട്.
പാകിസ്താനിൽ നടന്ന മൂന്ന് ദേശീയ ജനസംഖ്യാ സെൻസസ് അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് പറയുന്നതനുസരിച്ച് ക്രിസ്ത്യാനികൾ 18,73,348, അഹമ്മദികൾ 1,88,340, സിഖുകാർ 7,4130, ഭായികൾ 14537, പാഴ്‌സികൾ 3917 എന്നിങ്ങനെയാണ്. രണ്ടായിരത്തിൽ താഴെ മാത്രമുള്ള മറ്റ് 11 ന്യൂനപക്ഷങ്ങളും ഉണ്ട്. ബുദ്ധമതക്കാർ 1787, ചൈനക്കാർ 1151, ഷിന്റോയിസം അനുയായികൾ 628, ജൂതന്മാർ 628, ആഫ്രിക്കൻ മത അനുയായികൾ 1418, കെലാഷ മത അനുയായികൾ 1522, ജൈനമതത്തിന്റെ ആറോളം അനുയായികൾ എന്നിവരും പാകിസ്താനിലുണ്ട്.