120,000 ഹോം കാമറകൾ ഹാക്ക് ചെയ്ത് ലൈംഗിക ചൂഷണ വിഡിയോകൾ നിർമിച്ചു; ദക്ഷിണ കൊറിയയിൽ നാലുപേർ അറസ്റ്റിൽ
text_fieldsവീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും സ്ഥാപിച്ച 120,000 വിഡിയോ കാമറകൾ ഹാക്ക് ചെയ്ത് ദൃശ്യങ്ങൾ ഉപയോഗിച്ച് വിദേശ വെബ്സൈറ്റിന് വേണ്ടി ലൈംഗിക വിഡിയോകൾ നിർമിച്ചുനൽകിയ സംഭവത്തിൽ ദക്ഷിണകൊറിയയിൽ നാലുപേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് പൊലീസ് അറസ്റ്റ് വിവരം പുറത്തുവിട്ടത്.
ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐ.പി) കാമറകളുടെ പാസ്‌വേഡുകൾ പ്രതികൾ ചൂഷണം ചെയ്തതായി പൊലീസ് വ്യക്തമാക്കി. സി.സി.ടി.വിക്ക് പകരം വില കുറഞ്ഞ ഹോം കാമറകൾ എന്നറിയപ്പെടുന്ന ഐ.പി കാമറകൾ ഒരു ഹോം ഇന്റർനെറ്റ് നെറ്റ്‍വർക്കുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ്. കുട്ടികളുടെയും വളർത്തു മൃഗങ്ങളുടെയും സുരക്ഷ നിരീക്ഷിക്കുന്നതിനാണ് ഇവ ഇൻസ്റ്റാൾ ചെയ്യുന്നത്.
വീടുകൾ, സ്റ്റുഡിയോ, ഗൈനക്കോളജിസ്റ്റിന്റെ ക്ലിനിക്ക് എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന കാമറകളാണ് ഹാക്ക് ചെയ്തിരിക്കുന്നത്. നാലു പ്രതികളും സ്വതന്ത്രമായാണ് പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് വെളിപ്പെടുത്തി.
പ്രതികളിലൊരാൾ 63,000 കാമറകൾ ഹാക്ക് ചെയ്ത് 545 ലൈംഗിക ചൂഷണ വിഡിയോകൾ നിർമിച്ചുവെന്നും ആരോപണമുണ്ട്. ഇവ അയാൾ വൻ തുകക്ക് വിൽപന നടത്തുകയും ചെയ്തു. മറ്റൊരാൾ 70,000 കാമറകൾ ഹാക്ക് ചെയ്ത് 648 വിഡിയോകൾ നിർമിച്ച് വൻതുകക്ക് വിൽപന നടത്തി.
ഒരു വിദേശ വെബ്സൈറ്റിൽ കഴിഞ്ഞ വർഷം പോസ്റ്റ് ചെയ്ത ഏതാണ്ട് 62 ശതമാനം വിഡിയോകൾക്കും കാരണം ഈ രണ്ടുപേരുമാണെന്നും പൊലീസ് പറഞ്ഞു. വെബ്സൈറ്റ് ബ്ലോക്ക് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. അതിന്റെ ഓപറേറ്ററെ അറസ്റ്റ് ചെയ്യാനും നീക്കം നടത്തുന്നുണ്ട്. അതിനായി വിദേശ അന്വേഷണ ഏജൻസികളുടെ സഹായം തേടുകയും ചെയ്തിട്ടുണ്ട്. സൈറ്റ് വഴി ഇത്തരം ദൃശ്യങ്ങൾ വാങ്ങുകയും കാണുകയും ചെയ്തതായി സംശയിക്കുന്ന മൂന്ന്പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഐ.പി കാമറ ഹാക്കിങ്ങും നിയമവിരുദ്ധമായി വിഡിയോകൾ നിർമിക്കുന്നതും ഇരകൾക്ക് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കിവെക്കുന്നുണ്ട്. ഗുരുതര കുറ്റകൃത്യങ്ങളിൽ പെട്ടതാണിത്. ശക്തമായ അന്വേഷണത്തിലൂടെ ഇത്തരം സംഘത്തെ മുഴുവൻ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് ദക്ഷിണ കൊറിയയിലെ സൈബർ അന്വേഷണ മേധാവി പാർക് വൂ ഹ്യൂൻ പറഞ്ഞു.
നിയമവിരുദ്ധമായി ചിത്രീകരിച്ച വിഡിയോകൾ കാണുന്നതും കൈവശം വയ്ക്കുന്നതും ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. അതിനെ കുറിച്ചും അന്വേഷണം നടത്തും.
58 സ്ഥലങ്ങളിലെ ഇരകളെ അധികൃതർ നേരിട്ട് സന്ദർശിച്ച് സംഭവത്തെക്കുറിച്ച് അവരെ അറിയിക്കുകയും പാസ്‌വേഡുകൾ മാറ്റാൻ നിർദേശം നൽകിയിട്ടുമുണ്ട്. വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ഐ.പി കാമറകൾ സ്ഥാപിച്ചിട്ടുള്ളവർ ജാഗ്രത പാലിക്കണമെന്നും അവരുടെ ആക്സസ് പാസ്‌വേഡുകൾ അടിക്കടി മാറ്റിക്കൊണ്ടിരിക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

