യു.എൻ റിപ്പോർട്ടുമായി ഡൽഹിയിലെ ഫലസ്തീൻ എംബസി; ഗസ്സയിൽ ഒറ്റപ്പട്ട് പത്ത് ലക്ഷത്തിലേറെ സ്‍ത്രീകളും പെൺകുട്ടികളും
text_fieldsന്യൂഡൽഹി: പത്ത് ലക്ഷത്തിലധികം സ്ത്രീകളും പെൺകുട്ടികളുമാണ് ഗസ്സയിൽ ഉറ്റവരിൽ നിന്ന് വേർപെട്ട് ഒറ്റപ്പെട്ട് പലയിടങ്ങളിലായി കഴിയേണ്ടി വരുന്നതെന്ന യു.എൻ റിപ്പോർട്ട് ഉദ്ധരിച്ച് ന്യൂഡൽഹിയിലെ ഫലസ്തീൻ എംബസി. ഗസ്സയിലെ യുദ്ധം സ്ത്രീകൾക്കും പെൺകുട്ടികൾക്കും വരുത്തിയ യാതനകൾ വിവരിക്കുന്നതാണ് യു.എൻ പുറത്തിറക്കിയ റിപ്പോർട്ട് എന്ന് ഫലസ്തീനിയൻ എംബസി. റിപ്പോർട്ടിലേക്ക് ഇന്ത്യൻ മാധ്യമങ്ങളുടെ ശ്രദ്ധ ക്ഷണിച്ച ഫലസ്തീൻ എംബസി യുദ്ധത്തിന്‍റെ കെടുതികൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയത് സ്ത്രീകളാണെന്നും, ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനത്തിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നും വ്യക്തമാക്കി.
സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ അപകടകരമായ അവസ്ഥയിൽ കഴിയേണ്ടി വരികയാണ് അവർ. ആരോഗ്യ പരിചരണ സേവനങ്ങളുടെ സ്ഥിതി ദയനീയമാണ്. ഗസ്സയിൽ നിലവിൽ ഏകദേശം 50,000 ഗർഭിണികൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഒട്ടും ശുചിത്വമില്ലാത്ത, അപകടകരമായ സാഹചര്യങ്ങളിൽ ദിവസംപ്രതി ഏകദേശം 180 പ്രസവങ്ങൾ നടക്കുന്നുണ്ട്. അവർക്ക് ലഭിക്കുന്ന പരിചരണം പരിതാപകരമാണ്.
ജനസംഖ്യയുടെ 90 ശതമാനവും ഭക്ഷണത്തിന്‍റെ കാര്യത്തിൽ കടുത്ത അരക്ഷിതാവസ്ഥയാണ് നേരിടുന്നത്. സ്ത്രീകളും കുട്ടികളുമാണ് ഏറ്റവുമധികം പട്ടിണി നേരിടേണ്ടി വരുന്നത്. ശുദ്ധജലം ലഭിക്കാത്തതും വൃത്തിഹീനമായ സാഹചര്യവും യാതനയുടെ കാഠിന്യം കൂട്ടുന്നു. കുടുംബാംഗങ്ങളുടെ വിയോഗമോ വൈകല്യമോ മൂലം ഉത്തരവാദിത്ത ഭാരം ഏൽക്കേണ്ടി വരുന്ന സ്ത്രീകളും അനവധിയാണെന്ന് റിപ്പോർട്ട് വിവരിക്കുന്നു.
ശുചിത്വ സാമഗ്രികൾ ലഭ്യമല്ലാത്തതിനാൽ സ്ത്രീകളും പെൺകുട്ടികളും ആർത്തവം വൈകിപ്പിക്കാനോ ഒഴിവാക്കാനോ ഗർഭനിരോധന ഗുളികകൾ കഴിക്കാൻ നിർബന്ധിക്കപ്പെടുന്ന സാഹചര്യമുണ്ട്. ശാരീരികവും മാനസികവുമായ ദീർഘകാല ഭവിഷ്യത്തുകൾ വരുത്തിവെക്കുന്നതാണ് അത്തരം ഗുളികകളുടെ ഉപയോഗമെന്ന് എംബസി എടുത്തുപറയുന്നു.
ഈ സാഹചര്യങ്ങളിലേക്ക് അന്താരാഷ്‍ട്ര ശ്രദ്ധ അടിയന്തരമായി തിരിയണമെന്നും, അന്താരാഷ്‍ട്ര നിയമങ്ങൾ പ്രകാരം അവരുടെ സംരക്ഷണം ഉറപ്പ് വരുത്താൻ അടിയന്തര നടപടികൾ എടുക്കണമെന്നും റിപ്പോർട്ട് ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

