ദൈവമാണ് ജീവൻ നൽകുന്നത്, ദൈവം തന്നെ അത് തിരിച്ചെടുക്കും; കോടതി വിധിക്ക് തൊട്ടുമുമ്പ് അനുയായികൾക്ക് ശൈഖ് ഹസീനയുടെ സന്ദേശം
text_fieldsധാക്ക: അവാമി ലീഗിനെ നശിപ്പിക്കാൻ അത്ര എളുപ്പമല്ലെന്നും അതിന് മണ്ണിലും ജനങ്ങളുടെ മനസിലും ആഴത്തിലുള്ള വേരോട്ടം കിട്ടിയതാണെന്നും ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന. അധികാരം തട്ടിപ്പറിച്ചെടുത്തവരുടെ പോക്കറ്റിലല്ല അവാമി ലീഗ് വളർന്നതെന്നും അവർ ഓർമപ്പെടുത്തി.
ഹസീനയെ വിചാരണ ചെയ്യാനായി രൂപീകരിച്ച ദ ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശിന്റെ വിധി പുറത്തുവരുന്നതിന് തൊട്ടുമുമ്പാണ് അനുയായികൾക്കായി അവരുടെ വിഡിയോ സന്ദേശം.
തനിക്കെതിരായ എല്ലാ ആരോപണങ്ങളും വ്യാജമാണെന്നും അവർ പറഞ്ഞു. നൊബേൽ പുരസ്കാര ജേതാവ് മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്ന ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്നും ഹസീന ആരോപിച്ചു.
''അവാമി ലീഗ് രാഷ്ട്രീയത്തിൽ സജീവമാകുന്നത് അവർ ആഗ്രഹിക്കുന്നില്ല. അത്കൊണ്ട് അവാമി ലീഗിനെ നിരോധിച്ചതായി അവർ പ്രഖ്യാപിച്ചു. അവാമി ലീഗ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അവർ ആഗ്രഹിക്കുന്നില്ല. നേതാക്കളെയും പ്രവർത്തകരെയും അടിച്ചമർത്തി ഈ പാർട്ടിയെ നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ അതത്ര എളുപ്പമല്ല. ഈ പാർട്ടി മണ്ണിലും ജനങ്ങളുടെ ഹൃദയത്തിലും ആഴത്തിൽ വേരോടിയതാണ്. അല്ലാതെ അധികാരം തട്ടിപ്പറിച്ചെടുത്തവരുടെ പോക്കറ്റിൽ വളർന്നതല്ല''-ഹസീന വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
ലക്ഷക്കണക്കിന് ദേശസ്നേഹികളുടെ രക്തം ചിന്തിയാണ് നമ്മൾ രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുത്തത്. എന്നിട്ട് ഇപ്പോഴവർ എനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. എനിക്കെതിരായ എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണ്-അവർ തുടർന്നു.
വിദ്യാർഥി പ്രക്ഷോഭത്തിനിടെ രാജ്യത്ത് സംഭവിച്ച കാര്യങ്ങളെ കുറിച്ചും ഹസീന വിശദീകരിക്കുന്നുണ്ട്. വിദ്യാർഥി പ്രക്ഷോഭമാണ് ഹസീനയെ സ്ഥാന ഭ്രഷ്ടയാക്കിയത്. വിദ്യാർഥി പ്രക്ഷോഭകരുടെ എല്ലാ ആവശ്യങ്ങളും തങ്ങൾ അംഗീകരിച്ചിരുന്നുവെന്നാണ് ഇപ്പോൾ ഹസീന അവകാശപ്പെടുന്നത്.
''എല്ലാം അംഗീകരിച്ചു കഴിഞ്ഞപ്പോഴാണ് ഒമ്പതിന ആവശ്യത്തെ കുറിച്ച് ഞങ്ങൾ അറിയുന്നത്. അതും പരിഗണിക്കാമെന്ന് അവരോട് പറഞ്ഞതാണ്. അതു കഴിഞ്ഞപ്പോൾ മറ്റൊരു പ്രധാന ആവശ്യവുമായി വന്നു. എന്താണ് ഇത് സൂചിപ്പിക്കുന്നത്. രാജ്യത്ത് അരാചകത്വത്തിന്റെ അവസ്ഥയുണ്ടാക്കുക. സാമൂഹിക-സാമ്പത്തിക വികസനം നശിപ്പിക്കുക. രാജ്യത്തെ വിനാശത്തിലേക്ക് നയിക്കുക. കൊലപാതക കേസുകൾ അവാമി ലീഗിനെതിരെയാണെങ്കിലും കൊലപാതകങ്ങൾ നടത്തിയത് യൂനുസും അദ്ദേഹത്തിന്റെ ആൾക്കാരുമാണ്''-ഹസീന ആരോപിച്ചു.
ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ശേഷം പ്രക്ഷോഭക പ്രസിഡന്റിന്റെ കൊട്ടാരവും മറ്റുംകൊള്ളയടിച്ചിരുന്നു. അതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ വർഷം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
രാജ്യത്തിന്റെ വസ്തുക്കൾ കൊള്ളയടിക്കുകയും കത്തിച്ചുകളയുകയും ചെയ്തു. ഗുണ്ടായിസവും ഭീകരവാദവും കൊണ്ട് ഒരിക്കലും വിപ്ലവം സൃഷ്ടിക്കാൻ സാധിക്കുകയില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
പ്രസിഡന്റിന്റെ കൊട്ടാരം ഒരിക്കലും എന്റെ സ്വന്തമല്ല. അത് സർക്കാറിന്റെ സ്വത്താണ്. എന്നിട്ടും അവരത് കൊള്ളയടിച്ചു. അവർ വിപ്ലവമാണോ ഉണ്ടാക്കിയത്? എന്തുതരം വിപ്ലവമാണത്? ഗുണ്ടായിസവും ഭീകരതയും തീവ്രവാദ പ്രവർത്തനങ്ങളും കൊണ്ട് ഒരിക്കലും വിപ്ലവം സൃഷ്ടിക്കാനാവില്ല. ഇത്തരക്കാരുടെ വിചാരണയെ താൻ ഒരിക്കലും ഭയപ്പെടുന്നില്ലെന്നും അവർ വ്യക്തമാക്കി.
ദൈവമാണ് ജീവൻ നൽകുന്നത്. ഒരു ദിവസം ദൈവം തന്നെ അത് തിരിച്ചെടുക്കും. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് താൻ പ്രവർത്തിച്ചത്. അതിനിയും തുടരുക തന്നെ ചെയ്യുമെന്നും ഹസീന ഓർമപ്പെടുത്തി.
ട്രൈബ്യൂണൽ വിധിയോടനുബന്ധിച്ച് ബംഗ്ലാദേശിലുടനീളം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ശൈഖ് ഹസീനക്ക് വധശിക്ഷ വിധിച്ചാൽ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്ന് അവാമി ലീഗ് പ്രഖ്യാപിച്ചതിന് പിന്നാലെ ആക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ ഇടക്കാല സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. അതോടൊപ്പം വരും ദിവസങ്ങളിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് രാജ്യത്തുടനീളം സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി പ്രതിഷേധക്കാരെ നേരിടാൻ സുരക്ഷാ സേനയ്ക്ക് പൂർണ്ണ അധികാരം നൽകിക്കൊണ്ടാണ് ഇടക്കാല സർക്കാരിന്റെ നീക്കം.
കഴിഞ്ഞ വർഷത്തെ പ്രക്ഷോഭത്തിനിടെ വിദ്യാർഥികൾക്കെതിരെ കടുത്ത നടപടിക്ക് ഉത്തരവിട്ടതാണോ എന്ന് കണ്ടെത്താന് ഹസീനയെ വിചാരണ ചെയ്യുന്നത്. കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ ഹസീനക്ക് വധശിക്ഷ വരെ ലഭിക്കാനും സാധ്യതയുണ്ട്.
എന്നാൽ എല്ലാ ആരോപണങ്ങളും ഹസീന നിഷേധിച്ചിരുന്നു. 2024 ആഗസ്റ്റിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. ഹസീനയെ കൈമാറണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ഹസീനക്ക് പുറമേ അവാമി ലീഗ് സർക്കാറിലെ ആഭ്യന്തര മന്ത്രിയായിരുന്ന അസദുസ്സമാൻ ഖാൻ കമാൽ, പൊലീസ് മേധാവി ചൗധരി അബ്ദുല്ല അൽമഅ്മൂൻ എന്നിവരും കേസിൽ കൂട്ടുപ്രതികളാണ്. കഴിഞ്ഞ വർഷം ജൂലൈ 15നും ആഗസ്റ്റ് 15നും ഇടയിൽ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഹസീനയുടെ സർക്കാർ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തി എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം. കൊലപാതകം, വധശ്രമം, പീഡനം, മനുഷ്യത്വരഹിതമായ പ്രവൃത്തികൾ എന്നിവ ചുമത്തിയതിനാൽ ഹസീനക്ക് വധശിക്ഷ കിട്ടുമെന്നാണ് റിപ്പോർട്ട്. ഹസീന എവിടെ ആയാലും ശിക്ഷ നടപ്പാക്കുമെന്ന് ബംഗ്ലദേശ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

