ഇല്ല, ഈ വംശഹത്യയിൽ പങ്കുള്ള ആരെയും ഫലസ്തീനികൾ മറക്കില്ല -ഹമാസ്
text_fieldsദോഹ: ആധുനിക യുഗത്തിലെ ഏറ്റവും ഹീനമായ വംശഹത്യയിൽ പങ്കെടുത്ത ഒരാളെയും ഫലസ്തീനികൾ ഒരിക്കലും മറക്കില്ലെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഖലീൽ അൽ ഹയ്യ. ഇസ്രായേൽ അധിനിവേശസേനയും അവരുടെ പിന്തുണക്കാരും ചെയ്ത ക്രൂരമായ വംശഹത്യയും കുറ്റകൃത്യങ്ങളും ആധുനിക യുഗത്തിലെ ഏറ്റവും ഹീനമായ വംശഹത്യയായി ഫലസ്തീൻ ജനതയുടെയും ലോകത്തിന്റെയും ഓർമയിൽ മായാതെ നിലനിൽക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘ഈ ചരിത്ര നിമിഷത്തിൽ ഗസ്സയിലെ നമ്മുടെ ജനങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. വിവിധ മേഖലകളിൽ ഞങ്ങളെ പിന്തുണച്ച എല്ലാ രാജ്യങ്ങളെയും പ്രത്യേകിച്ച് തുർക്കി, ദക്ഷിണാഫ്രിക്ക, അൾജീരിയ, റഷ്യ, ചൈന, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ നമ്മുടെ സഹോദരങ്ങളുടെ മാന്യമായ നിലപാടുകൾ എന്നും ഓർക്കും. നമ്മുടെ ജനങ്ങളുടെ സഹിഷ്ണുതയും ജന്മനാടിനോടുള്ള ആത്മബന്ധവുമാണ് ക്രിമിനൽ അധിനിവേശത്തെ നേരിടാൻ സഹായിച്ചത്. രഹസ്യവും പ്രഖ്യാപിതവുമായ എല്ലാ ലക്ഷ്യങ്ങളും നേടുന്നതിൽ അധിനിവേശ സേന പരാജയപ്പെട്ടു’ -അദ്ദേഹം പറഞ്ഞു.
“നമ്മുടെ ജനങ്ങൾ അവരുടെ മണ്ണിൽ ഉറച്ചുനിന്നു, പലായനം ചെയ്യുകയോ കുടിയേറുകയോ ചെയ്തില്ല, അവരുടെ ചെറുത്തുനിൽപ്പിന് സംരക്ഷണ കവചമായി പ്രവർത്തിച്ചു. ആദ്യം അല്ലാഹുവിന്റെ സഹായത്തോടെ, പിന്നീട് നമ്മുടെ സഹോദരങ്ങളുടെയും സഖ്യകക്ഷികളുടെയും ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്ന എല്ലാവരുടെയും പിന്തുണയോടെ ഞങ്ങൾ ഗസ്സ പുനർനിർമ്മിക്കും. നമ്മുടെ ജനങ്ങൾക്ക് നേരെ കൂട്ടക്കൊല നടത്താനും വിനാശം വിതക്കാനും മാത്രമേ ഇസ്രായേലിന് കഴിഞ്ഞുള്ളൂ. യുദ്ധം നിർത്താനും തടവുകാരെ കൈമാറാനുമുള്ള കരാറിലൂടെ മാത്രമാണ് അവർക്ക് അവരുടെ ബന്ദികളെ തിരിച്ചുകിട്ടുക’ -ഖലീൽ അൽഹയ്യ പറഞ്ഞു.
യെമനിലെ ഹൂത്തികൾക്കും ഹിസ്ബുല്ലക്കും ഇറാനിനും അദ്ദേഹം നന്ദി പറഞ്ഞു. ആദ്യദിവസം മുതൽ തന്നെ നിരവധി റൗണ്ട് ചർച്ചകൾ നടത്തിയ ഖത്തറും ഈജിപ്തും മധ്യസ്ഥ ശ്രമത്തിൽ വഹിച്ച പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.
ഗസ്സയിലെ അരലക്ഷത്തിനടുത്ത് മനുഷ്യരെ കൊന്നൊടുക്കിയ ഇസ്രായേൽ ആക്രമണം ഒന്നേകാൽ വർഷത്തിന് ശേഷമാണ് വെടിനിർത്തലിൽ എത്തിയത്. മാസങ്ങൾ നീണ്ട മധ്യസ്ഥ ദൗത്യത്തിനൊടുവിൽ ഗസ്സയിലെ വെടിനിർത്തലും ബന്ദിമോചനവും ഉറപ്പു നൽകുന്ന സമാധാന കരാറിൽ എത്തിയത്. അവസാനത്തെ രണ്ടാഴ്ചയിൽ അമേരിക്കയുടെയും ഖത്തറിയും മധ്യസ്ഥയിൽ നടന്ന സജീവമായ ഇടപെടലുകളാണ് വെടിനിർത്തൽ കരാറിലെത്തിച്ചത്.
കൂട്ടക്കുരുതിയുടെ നാളുകൾ
- 2023 ഒക്ടോബർ 7: ഗസ്സ മുനമ്പിൽ ഇസ്രായേൽ ആക്രമണം തുടങ്ങി. ഹമാസിന്റെ 21 ശക്തികേന്ദ്രങ്ങൾ ആക്രമിച്ചതായും യുദ്ധവിമാനങ്ങൾ അയച്ചതായും ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾ അറിയിക്കുന്നു. ‘ഓപറേഷൻ അയൺ സ്വാർഡ്’ എന്ന പേരാണ് ഹമാസിനെതിരായ ആക്രമണത്തിന് ഇസ്രായേൽ നൽകിയിരിക്കുന്നത്.
- ഒക്ടോബർ 7: ഇസ്രായേൽ അധികൃതർ ഗസ്സയിൽ ഭക്ഷണം, വെള്ളം, വൈദ്യുതി, ഇന്ധനം എന്നിവയിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തി.
- ഒക്ടോബർ 13: വാദി ഗസ്സയുടെ വടക്ക് ഭാഗത്തുള്ള ഒരു ദശലക്ഷത്തിലധികം ഫലസ്തീൻകാരെയും 23 ആശുപത്രികളെയും ഒഴിപ്പിച്ചു. ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.
- ഒക്ടോബർ 21: പ്രഥമശുശ്രൂഷ ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിക്കാൻ ഇസ്രായേൽ അനുമതി നൽകി.
- നവംബർ 1: ഏകദേശം 7000 വിദേശ പാസ്പോർട്ട് ഉടമകൾക്കും അടിയന്തര വൈദ്യചികിത്സ ആവശ്യമുള്ളവർക്കും റഫ ക്രോസിങ് വഴി ഒഴിപ്പിക്കൽ ആരംഭിക്കുന്നു. ബഹുഭൂരിപക്ഷം ഗസ്സക്കാർക്കും പുറത്തുപോകാൻ കഴിഞ്ഞില്ല.
- നവംബർ 21: ഇസ്രായേലും ഹമാസും ഇസ്രായേൽ തടവിലാക്കിയ ഫലസ്തീനികൾക്കായി ഗസ്സയിൽ ബന്ദികളാക്കിയവരെ കൈമാറുന്നതിനും കൂടുതൽ സഹായം നൽകുന്നതിനുമായി ഏഴു ദിവസം നീണ്ടുനിൽക്കുന്ന സന്ധി പ്രഖ്യാപിച്ചു.
- ഡിസംബർ 1: ഏഴുദിന ഇടവേളക്കുശേഷം വീണ്ടും യുദ്ധം. മൂന്നുതവണ നീട്ടിയ താൽക്കാലിക വെടിനിർത്തൽ അവസാനിച്ച ദിവസം ബോംബിങ്ങിൽ നൂറിലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു.
- 2024 ജനുവരി 26: ലോക കോടതി എന്നറിയപ്പെടുന്ന ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി, വംശഹത്യ തടയാൻ ഇസ്രായേലിനോട് ഉത്തരവിട്ടു.
- മാർച്ച് 25: ഇസ്രായേലും ഹമാസും തമ്മിൽ ഉടൻ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം അംഗീകരിച്ചു. വീറ്റോ ചെയ്യുന്നതിനുപകരം അമേരിക്ക വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
- ഏപ്രിൽ 1: ഡമസ്കസിലെ ഇറാെന്റ എംബസി കോമ്പൗണ്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു ഉന്നത ജനറൽ ഉൾപ്പെടെ നിരവധി സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
- ഏപ്രിൽ 13 - ഇസ്രായേലിന് നേരെ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടുകൊണ്ട് തെഹ്റാൻ എംബസി ആക്രമണത്തിന് മറുപടി നൽകി. ഇസ്രായേലിന് നേരെ ഇറാൻ നേരിട്ട ആദ്യത്തെ ആക്രമണം.
- മേയ് 6 : 4,50,000 ആളുകളെ ബലമായി ഒഴിപ്പിച്ച ശേഷം, ഇസ്രായേൽ പ്രതിരോധ സേന റഫയെ ആക്രമിക്കുകയും റഫ ക്രോസിങ് പിടിച്ചെടുക്കുകയും ഗസ്സയിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നു.
- 2024 ജൂൺ 11: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ അംഗീകരിച്ച് യു.എൻ രക്ഷാസമിതി.
- 2024 ജൂലൈ 27: ലബനാനിൽനിന്ന് സിറിയയിലെ ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നുകളിലേക്ക് റോക്കറ്റ് തൊടുത്തുവിട്ട ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- 2024 സെപ്റ്റംബർ 28: ലബനാനിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയും ഇസ്രായേൽ വിരുദ്ധ ഗ്രൂപ്പുമായ ഹിസ്ബുല്ലയുടെ തലവൻ ഹസൻ നസ്റുല്ല വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
- 2024 ആഗസ്റ്റ് 10: ഗസ്സ സിറ്റിയിലെ ഫലസ്തീനികളെ കുടിയൊഴിപ്പിച്ച അൽ താബിയീൻ സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 93 പേർ കൊല്ലപ്പെട്ടു.
- 2025 ജനുവരി 15: ഗസ്സയിലെ ജനങ്ങൾക്ക് പ്രത്യാശ നൽകി വെടിനിർത്തൽ കരാർ പ്രഖ്യാപനം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.