Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ട്രംപ് ഭരണകൂടത്തിന്...

'ട്രംപ് ഭരണകൂടത്തിന് കീഴിൽ ഞങ്ങളുടെ ജനങ്ങൾ ക്രൂരമായി കൊല്ലപ്പെടുന്നു'; നിയമപോരാട്ടത്തിനൊരുങ്ങി മെക്സിക്കോ

text_fields
bookmark_border
ട്രംപ് ഭരണകൂടത്തിന് കീഴിൽ ഞങ്ങളുടെ ജനങ്ങൾ ക്രൂരമായി കൊല്ലപ്പെടുന്നു; നിയമപോരാട്ടത്തിനൊരുങ്ങി മെക്സിക്കോ
cancel

മെക്സിക്കോ സിറ്റി: അമേരിക്കയിൽ കുടിയേറ്റ വിരുദ്ധ റെയ്ഡുകളിലും ഇമിഗ്രേഷൻ വിഭാഗത്തിന്റെ കസ്റ്റഡിയിലും മെക്സിക്കൻ പൗരന്മാർ തുടർച്ചയായി കൊല്ലപ്പെടുന്ന സംഭവത്തിൽ, യു.എസ് ഭരണകൂടത്തിനെതിരെ നേരിട്ട് ക്രിമിനൽ കേസുകളുമായി മുന്നോട്ട് പോകാൻ മെക്സിക്കൻ സർക്കാർ തീരുമാനിച്ചു. നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് യു.എസ് പ്രോസിക്യൂട്ടർമാരെയും നീതിന്യായ വകുപ്പിനെയും നേരിട്ട് സമീപിച്ച് മെക്സിക്കോ നിയമപോരാട്ടം ശക്തമാക്കുന്നത്. മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബാമാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ (ICE) കസ്റ്റഡിയിലായിരുന്ന 14 മെക്സിക്കൻ പൗരന്മാരും, ഇവരുടെ റെയ്ഡുകൾക്കിടെ മൂന്ന് പേരുമുൾപ്പെടെ ആകെ 17 പേരാണ് അടുത്തിടെ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ചൊവ്വാഴ്ച ഹൂസ്റ്റണിൽ വച്ച് 30 വർഷമായി അമേരിക്കയിൽ താമസിക്കുന്ന ലോറെൻസോ സാൽഗാഡോ അരൗജോ (52) എന്ന മെക്സിക്കൻ വംശജനെ ഐ.സി.ഇ (ICE) ഉദ്യോഗസ്ഥൻ വെടിവെച്ചു കൊന്നതാണ് മെക്സിക്കോയെ കടുത്ത നടപടികളിലേക്ക് പ്രേരിപ്പിച്ചത്. ഈ കൊലപാതകത്തെത്തുടർന്ന് ഹൂസ്റ്റണിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.

2025 ജനുവരിയിൽ ഡൊണാൾഡ് ട്രംപ് വീണ്ടും യു.എസ് പ്രസിഡന്റായി അധികാരമേൽക്കുകയും കൂട്ട പുറത്താക്കൽ നടപടികൾ ആരംഭിക്കുകയും ചെയ്ത ശേഷം ഇമിഗ്രേഷൻ റെയ്ഡുകളിൽ കൊല്ലപ്പെടുന്ന ആറാമത്തെ വ്യക്തിയാണ് ലോറെൻസോ. "അമേരിക്കയിൽ ക്രൂരമായി കൊല്ലപ്പെടുന്ന ഞങ്ങളുടെ ജനങ്ങൾക്ക് നേരെ കണ്ണടയ്ക്കാൻ മെക്സിക്കോയ്ക്ക് കഴിയില്ല. യു.എസിൽ സത്യസന്ധമായി ജോലി ചെയ്യുക എന്നതൊഴിച്ചാൽ മറ്റ് തെറ്റുകളൊന്നും ചെയ്യാത്ത പൗരന്മാരുടെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും നരഹത്യകൾക്കെതിരെയും ഞങ്ങൾ ശക്തമായി പോരാടും," - പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബാം മാധ്യമങ്ങളോട് പറഞ്ഞു.

കേവലം നയതന്ത്ര പ്രതിഷേധ കുറിപ്പുകൾക്കപ്പുറം, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു.എസ് പ്രോസിക്യൂട്ടർമാർക്ക് നേരിട്ട് പരാതി നൽകുമെന്ന് മെക്സിക്കൻ വിദേശകാര്യമന്ത്രി റോബർട്ടോ വെലാസ്കോ വ്യക്തമാക്കി. കൂടാതെ, തടങ്കൽ പാളയങ്ങൾ നടത്തുന്ന സ്വകാര്യ കമ്പനികൾക്കെതിരെ സിവിൽ കേസുകളും ഫയൽ ചെയ്യും. എന്നാൽ, ട്രംപ് ഭരണകൂടത്തിന് കീഴിൽ തടവുകാരുടെ മരണനിരക്കിൽ വർധനവില്ലെന്നും, അന്തേവാസികൾക്ക് കൃത്യമായ ഭക്ഷണം, ചികിത്സ, നിയമസഹായം എന്നിവ ഉറപ്പാക്കുന്നുണ്ടെന്നുമാണ് യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വാദം. സംഭവം അയൽരാജ്യങ്ങളായ അമേരിക്കയും മെക്സിക്കോയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USmexicoTrump administrationDonald Trumpamerica
News Summary - 'Our people are being brutally killed under the Trump administration'; Mexico prepares for legal battle.
Next Story