നമ്മുടെ ജിമിക്കി കമ്മൽ റാൽഫ് ലോറൻ കട്ടോണ്ടുപോയി !
text_fieldsമറ്റു സിനിമയിൽ നിന്ന് ഫ്രെയിം ബൈ ഫ്രെയിം മോഷ്ടിച്ചാലും ‘ഇൻസ്പിരേഷൻ’ എന്ന സിനിമാരംഗത്തെ ന്യായീകരണം പോലെ ഫാഷൻ ലോകത്തുമുണ്ടോ? ഉണ്ടെന്നാണ് പാരിസ് ഫാഷൻ വീക്കിലെ പുതിയ വിവാദത്തിൽനിന്ന് മനസ്സിലാകുന്നത്. സംഭവം ഒരു ജിമിക്കി കമ്മൽ മോഷണമാണ്. ഫാഷൻ വീക്കിൽ പ്രമുഖ ഫാഷൻ ബ്രാൻഡായ റാൽഫ് ലോറൻ അവതരിപ്പിച്ച വനിത കലക്ഷനിൽ മോഡലുകൾ കാതിൽ അണിഞ്ഞിരിക്കുന്നത് ദക്ഷിണേന്ത്യൻ ജുംഖയാണെന്നാണ് പുതിയ വിവാദം.
അതായത് നമ്മുടെ ജിമിക്കി കമ്മൽ തന്നെ. കാതിൽ മണിമണിയായി തൂങ്ങിക്കിടക്കുന്ന ജുംഖകൾ, ഫാഷനേക്കാളുപരി ഇന്ത്യൻ വനിതകളുടെ ഐഡന്റിറ്റി കൂടിയാണ്. ഇതാണ് റാൽഫ് ലോറൻ, വിന്റേജ് കലക്ഷൻ എന്ന പേരിൽ അവതരിപ്പിച്ചത്.
ഇന്ത്യൻ പാരമ്പര്യ ആഭരണമെന്നോ അതിന്റെ മറ്റെന്തെങ്കിലും സാംസ്കാരിക പാരമ്പര്യമോ വിവരിക്കാതെ, തങ്ങളുടേതെന്ന രൂപത്തിൽ അവതരിപ്പിച്ചതിനെയാണ് പലരും വിമർശിച്ചത്. ഇന്ത്യൻ ‘ഇൻസ്പിരേഷൻ’ എന്നെങ്കിലും പറയേണ്ടിയിരുന്നുവെന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചത്. സംഗതി പച്ചയായ മോഷണമാണെന്നും ജുംഖയുടെ പാരമ്പര്യം പോലും പരാമർശിക്കാത്തത് പ്രതിഷേധാർഹമാണെന്നും നിരവധിപേർ പ്രതികരിച്ചു. ‘സാംസ്കാരിക മോഷണ’മെന്ന് ചിലർ വിശേഷിപ്പിച്ചപ്പോൾ, 50 രൂപക്ക് ഇന്ത്യൻ തെരുവിൽ കിട്ടുന്നത് പുതിയ കണ്ടുപിടിത്തമായി അവതരിപ്പിച്ചിരിക്കുന്നുവെന്നായിരുന്നു മറ്റൊരു കമന്റ്. നമ്മുടെ കോലാപൂരി ചെരിപ്പിനെ പുതിയ ഫാഷനായി അവതരിപ്പിച്ച്, മറ്റൊരു ഫാഷൻ ബ്രാൻഡായ ‘പ്രാഡ’ കഴിഞ്ഞ വർഷം വിമർശനമേറ്റുവാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

