അസിം മുനീർ കോട്ടിട്ട ലാദൻ, പാകിസ്താൻ തെമ്മാടി രാഷ്ട്രം പോലെ പെരുമാറുന്നു -പെന്‍റഗൺ മുൻ ഉദ്യോഗസ്ഥൻ
text_fieldsവാഷിങ്ടൺ: പാകിസ്താനെതിരെയും സൈനിക മേധാവി അസിം മുനീറിനെതിരെയും രൂക്ഷവിമർശനവുമായി പെന്‍റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. പാകിസ്താൻ യുദ്ധക്കൊതിയന്മാരുള്ള തെമ്മാടി രാഷ്ട്രം പോലെയാണ് പെരുമാറുന്നതെന്നും അസിം മുനീർ കോട്ടിട്ട ബിൻ ലാദൻ ആണെന്നും മൈക്കൽ റൂബിൻ പറഞ്ഞു. പാകിസ്താൻ ആണവ രാജ്യമാണെന്നും പാകിസ്താൻ ഇല്ലാതാകുമെന്ന് തോന്നിയാൽ ലോകത്തെ പകുതി രാജ്യങ്ങളെയും തകർക്കുമെന്നുമെല്ലാം അസിം മുനീർ കഴിഞ്ഞ ദിവസം പറഞ്ഞതിന്‍റെ പശ്ചാത്തലത്തിലാണ് പെന്‍റഗൺ മുൻ ഉദ്യോഗസ്ഥന്‍റെ വിമർശനം വന്നിരിക്കുന്നത്. ഫ്ലോറിഡയിലെ ടാമ്പയിൽ യു.എസ് സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് പരാമർശങ്ങൾ നടത്തിയതെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ മണ്ണിൽ പാകിസ്ഥാന്റെ ഭീഷണികൾ പൂർണ്ണമായും അസ്വീകാര്യമാണ്. അമേരിക്കക്കാർ ഭീകരതയെ സഹതാപത്തിന്‍റെ കണ്ണിലൂടെയാണ് കാണുന്നത്. പല ഭീകരരുടെയും പ്രത്യയശാസ്ത്രപരമായ അടിത്തറ അവർക്ക് മനസ്സിലാകുന്നില്ല. അസിം മുനീർ കോട്ട് ധരിച്ച ഉസാമ ബിൻ ലാദനാണ്. അസിം മുനീറിന്‍റെ വാചാടോപം ഇസ്‌ലാമിക് സ്റ്റേറ്റിനെയാണ് ഓർമ്മിപ്പിക്കുന്നത്.
പാകിസ്താനിൽ കടന്ന് അവരുടെ ആണവായുധങ്ങൾ സുരക്ഷിതമാക്കേണ്ട സമയം അടുത്തുവരികയാണ്. നാറ്റോക്ക് പുറത്തുള്ള പ്രധാന സഖ്യകക്ഷിയായി അമേരിക്ക പാകിസ്താനെ കണക്കാക്കുന്നതിന് ഒരു കാരണവുമില്ല -അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അസിം മുനീർ ഇന്ത്യക്കെതിരെ ആണവ ഭീഷണി ഉയർത്തിയത്. പാകിസ്താന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയാല്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിയിടാന്‍ മടിക്കില്ലെന്ന് മുനീർ പറഞ്ഞിരുന്നു. പാക് സൈനിക മേധാവിയുടെ ഭീഷണിയെ ഇന്ത്യ ഔദ്യോഗികമായി അപലപിച്ചിരുന്നു. ആണവായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത് പാകിസ്താന്‍റെ രീതിയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

