തോറബോറ മലനിരകളിൽ നിന്ന് ഉസാമ ബിൻ ലാദൻ രക്ഷപ്പെട്ടത് സ്ത്രീവേഷം ധരിച്ചെന്ന് സി.ഐ.എ ഉദ്യോഗസ്ഥൻ
text_fieldsന്യൂഡൽഹി: അൽ ഖാഇദ സ്ഥാപകനായ ഉസാമ ബിൻ ലാദൻ തോറബോറ മലനിരകളിൽ നിന്നും രക്ഷപ്പെട്ടത് ഒരു സ്ത്രീയുടെ വേഷം ധരിച്ചായിരുന്നുവെന്ന് സി.ഐ.എ ഓഫിസർ ജോൺ കിരിയാകൂവിന്‍റെ വെളിപ്പെടുത്തൽ. 2001 സെപ്തംബർ 11ലെ ട്വിൻ ടവർ ആക്രമണത്തിന് ശേഷം അമേരിക്ക നോട്ടമിട്ട ഭീകരനായിരുന്നു ബിൻ ലാദൻ.
15 വർഷത്തോളം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ പാകിസ്താനിലെ തലവനായിരുന്നു കിരിയാകൂ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. "ബിൻ ലാദൻ തോറബോറ മലകളിൽ ഉണ്ടെന്ന് മനസ്സിലാക്കി അവിടം ഞങ്ങൾ വളഞ്ഞു. ഞങ്ങൾ അദ്ദേഹത്തോട് മലയിറങ്ങാൻ പറഞ്ഞു.
അതിനായി പുലരുവോളം സമയം തരാമോ എന്ന് ബിൻ ലാദൻ ഞങ്ങളോട് ചോദിക്കുകയായിരുന്നു. സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കാൻ സമയം നൽകിയാൽ വൈകുന്നേരത്തോടെ കീഴടങ്ങാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ദ്വിഭാഷി ജനറൽ ഫ്രാങ്ക്സിനെ ഈ ആശയം അംഗീകരിക്കാൻ പ്രേരിപ്പിച്ചു.
സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കുന്നതിനൊപ്പം മറ്റാരും അറിയാതെ സ്ത്രീ വേഷം ധരിച്ച ബിൻ ലാദൻ ഒരു പിക്കപ്പ് ട്രക്കിൽ കയറി പാകിസ്താനിലേക്ക് രക്ഷപ്പെടുകയായിരുന്നു. വൈകുന്നേരത്തോടെ ഞങ്ങൾ തെരയുമ്പോൾ അവിടെ ആരും അവശേഷിച്ചിരുന്നില്ല." അദ്ദേഹം വ്യക്തമാക്കി.
സി.ഐ.എയുടെ സെൻട്രൽ കമാൻഡറുടെ ദ്വിഭാഷി അൽ ഖാഇദയുടെ ചാരനായിരുന്നുവെന്ന് ആരോപണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
9/11 ആക്രമണത്തിന് ശേഷം അഫ്ഗാനിസ്താനിലെ തോറബോറ പർവതനിരകളിലെ അൽ ഖാഇദ തീവ്രവാദികളെ അമേരിക്ക വളഞ്ഞതിനെക്കുറിച്ചും അവർ പാകിസ്താനിലേക്ക് പലായനം ചെയ്തതിനെക്കുറിച്ചും യു.എസും പാക് രഹസ്യാന്വേഷണ വിഭാഗവും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ചുമുള്ള ഒരു ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കിരിയാകൂ.
2011 മെയ് മാസത്തിൽ വടക്കൻ പാകിസ്താൻ നഗരമായ അബോട്ടാബാദിൽ വെച്ച് ഒസാമ ബിൻ ലാദനെ യു.എസ് പിന്നീട് കണ്ടെത്തിയത്. മെയ് രണ്ടിന് അദ്ദേഹത്തിന്റെ ഭവനത്തിൽ നടത്തിയ റെയ്ഡിനിടെ യുണൈറ്റഡ് സ്റ്റേറ്റ്സ് സ്പെഷ്യൽ ഫോഴ്‌സ് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

