ഇസ്രായേലിൽ നെതന്യാഹുവിനെതിരെ പ്രതിപക്ഷ ഐക്യം
text_fieldsതെൽഅവീവ്: ഇസ്രായേലിൽ ഈ വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ പടിയിറക്കാൻ ലക്ഷ്യമിട്ട് സഖ്യവുമായി മുൻ പ്രധാനമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവും. നാഫ്റ്റലി ബെനറ്റിന്റെ ബെനറ്റ് 2026 പാർട്ടിയും യായർ ലാപിഡിന്റെ യെഷ് അതിദുമാണ് ലയനം പ്രഖ്യാപിച്ചത്. ഇരുവരും ചേർന്ന് ‘ടുഗേതർ’ എന്ന പേരിൽ പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഹംഗറിയിൽ വിക്ടർ ഓർബനെ പുറത്താക്കിയതിന് സമാനമായ പ്രതിപക്ഷ ഐക്യമാവും ഇതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. 30 വർഷമായി അധികാരത്തിലുള്ള നെതന്യാഹുവിനെ മാറ്റിനിർത്തി പുതിയ ഇസ്രായേലിനായി ഒരുമിക്കാൻ സമയമായെന്ന് നാഫ്റ്റലി ബെനറ്റും യായർ ലാപിഡും പറഞ്ഞു. മുൻ പ്രതിരോധ മന്ത്രി ഗാഡി ഐസൻകോട്ടിന്റെ യഷർ പാർട്ടിയും ‘ടുഗേദറി’ൽ ചേർന്നേക്കും.
1990കളിൽ ആദ്യമായി അധികാരമേറിയ ശേഷം രാജ്യത്തിനകത്തും പുറത്തും ധ്രുവീകരണം ആയുധമാക്കിയാണ് ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇതേ കൂട്ടുകെട്ട് മുമ്പും സഖ്യമായി മത്സരിച്ച് 2021ൽ നെതന്യാഹുവിനെ താഴെയിറക്കിയിരുന്നെങ്കിലും പരസ്പരം തെറ്റി ഒന്നര വർഷത്തിനിടെ വഴിപിരിയുകയായിരുന്നു. അന്ന് സഖ്യത്തിൽ അറബ് കക്ഷിയായ യുനൈറ്റഡ് അറബ് ലിസ്റ്റുമുണ്ടായിരുന്നു. തുടർന്ന് 2022ൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്ന രാജ്യത്ത് തീവ്ര വലതുപക്ഷ കക്ഷികളെ കൂട്ടി നെതന്യാഹു അധികാരമുറപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

