Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെതന്യാഹുവിനെ പുറത്താക്കാൻ പ്രതിപക്ഷവും അറബ് പാർട്ടികളും കൈകോർക്കുന്നു; ഐസൻകോട്ടിന് പിന്തുണയേറുന്നു

text_fields
bookmark_border
Gadi Eisenkot
cancel
camera_alt

ഗാഡി ഐസൻകോട്ട്

തെൽഅവീവ്: ഇസ്രായേലിൽ അടുത്ത സർക്കാർ രൂപീകരിക്കാൻ യശർ പാർട്ടി നേതാവ് ഗാഡി ഐസൻകോട്ടിനെ പിന്തുണക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും നടക്കുന്ന ചർച്ചകളിൽ പ്രസിഡന്റ് ഐസക് ഹെർസോഗിന് മുന്നിൽ ഐസൻകോട്ടിന്റെ പേര് നിർദേശിക്കാനാണ് ഈ പാർട്ടികളുടെ തീരുമാനം. കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

ബിന്യമിൻ നെതന്യാഹുവിന്റെ ബ്ലോക്കിന് 53 സീറ്റുകൾ ലഭിച്ചപ്പോൾ, പ്രതിപക്ഷ പാർട്ടികൾക്ക് 48 സീറ്റുകളും അറബ് പാർട്ടികൾക്ക് 19 സീറ്റുകളുമാണ് ലഭിച്ചത്. നെതന്യാഹുവിന്റെ സഖ്യത്തിന് ഭൂരിപക്ഷത്തിന് 8 സീറ്റ് പിന്നിലാണെങ്കിലും, പ്രതിപക്ഷ പാർട്ടികളും അറബ് പാർട്ടികളും പൂർണമായി പിന്തുണച്ചാൽ ഐസൻകോട്ടിന് 67 എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കാൻ കഴിയും.

യയർ ഗോലന്റെ 'ദി ഡെമോക്രാറ്റ്സ്', മുൻ പ്രധാനമന്ത്രി നഫ്താലി ബെനറ്റിന്റെ 'ടുഗെതർ' പാർട്ടി, അവിഗ്ദോർ ലിബർമാന്റെ 'ഇസ്രായേൽ ബെയ്തെയ്നു' തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ഐസൻകോട്ടിനെ പിന്തുണക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനുപുറമെ യൂസഫ് ജബരിന്റെ നേതൃത്വത്തിലുള്ള 'ജോയിന്റ് ലിസ്റ്റ്', മൻസൂർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള 'യുനെെറ്റഡ് അറബ് ലിസ്റ്റ്' എന്നീ അറബ് പാർട്ടികളും ഐസൻകോട്ടിനെ പിന്തുണക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെതന്യാഹു വീണ്ടും അധികാരത്തിൽ വരുന്നത് തടയാനാണ് അറബ് പാർട്ടികളുടെ ഈ നീക്കം.

എന്നാൽ നെതന്യാഹുവുമായി ചേർന്ന് ഒരു സർക്കാരിലും താൻ ഉണ്ടാകില്ലെന്ന് അവിഗ്ദോർ ലിബർമാൻ വ്യക്തമാക്കി. ഒരു വർഷത്തിനുള്ളിൽ തകർന്നുവീണേക്കാവുന്ന ന്യൂനപക്ഷ സർക്കാരിനെയും അദ്ദേഹം എതിർത്തു. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് 48 സീറ്റുകൾ മാത്രമാണ് ലഭിച്ചതെന്നും അത് പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ നവംബർ 10ന് പുതിയ പാർലമെന്റ് ചേരുമ്പോൾ, നിലവിലുള്ള സ്പീക്കർ അമീർ ഒഹാനയ്ക്ക് പകരമായി യയർ ലാപിഡിനെ ക്നെസറ്റ് സ്പീക്കർ സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്നും ലിബർമാൻ അറിയിച്ചു.

രാഷ്ട്രീയ കക്ഷികളുമായുള്ള ചർച്ചകൾ പ്രസിഡന്റ് ഐസക് ഹെർസോഗ് ബുധനാഴ്ച ആരംഭിക്കും. ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെത്തന്നെ പ്രസിഡന്റ് തിരഞ്ഞെടുക്കണമെന്നില്ല. സഖ്യമുണ്ടാക്കാൻ കഴിവുള്ള ആരെയും അദ്ദേഹം ചുമതലപ്പെടുത്താം. ചുമതല ലഭിക്കുന്നയാൾക്ക് സർക്കാർ രൂപീകരിക്കാൻ 28 ദിവസവും, ആവശ്യമെങ്കിൽ 14 ദിവസത്തെ അധിക സമയവും ലഭിക്കും. വിജയിച്ചില്ലെങ്കിൽ പുതിയ തെരഞ്ഞെടുപ്പിലേക്ക് പോകേണ്ടി വരും.

ഐസൻകോട്ടിന് 67 പേരുടെ പിന്തുണ ലഭിക്കാനുള്ള സാധ്യതയുണ്ടെങ്കിലും, പ്രതിപക്ഷ പാർട്ടികളും അറബ് പാർട്ടികളും ഇതുവരെ ഔദ്യോഗികമായി ഒരു ഭരണസഖ്യത്തിൽ എത്തിച്ചേർന്നിട്ടില്ല. ലിബർമാൻ ന്യൂനപക്ഷ സർക്കാരിനെ എതിർക്കുന്നതിനാലും, സഖ്യ കരാറുകൾ ഇല്ലാത്തതിനാലും ഐസൻകോട്ടിന് സർക്കാർ രൂപീകരിക്കുക എളുപ്പമായിരിക്കില്ല. നെതന്യാഹുവിന്റെ ബ്ലോക്കിൽ നിന്നുള്ള ചിലരുടെ കൂറുമാറ്റമോ മറ്റ് കൂട്ടായ ചർച്ചകളോ നടന്നാൽ മാത്രമേ പുതിയ സർക്കാരിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Opposition and Arab Parties Join Forces to Oust Netanyahu; Support for Eisenkot Grows
Next Story