ഓപ്പറേഷൻ ഗംഗ: 734 മലയാളികൾ കൂടി നാടണഞ്ഞു
text_fieldsതിരുവനന്തപുരം: യുക്രെയ്നിൽനിന്ന് ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലെത്തിയ 734 മലയാളികളെക്കൂടി തിങ്കളാഴ്ച കേരളത്തിലെത്തിച്ചു. 'ഓപറേഷൻ ഗംഗ' കീഴിൽ എത്തിയവരെയാണ് കേരളത്തിലെത്തിച്ചത്. ഡൽഹിയിൽനിന്ന് 529 പേരും മുംബൈയിൽനിന്ന് 205 പേരുമാണ് എത്തിയത്. ഇതോടെ യുക്രെയ്നിൽനിന്ന് എത്തിയവരിൽ സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ കേരളത്തിലെത്തിച്ചവരുടെ എണ്ണം 2816 ആയി.
ഡൽഹിയിൽനിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂൾ ചെയ്ത രണ്ട് ചാർട്ടേഡ് വിമാനങ്ങൾ തിങ്കളാഴ്ച പുലർച്ചെയാണ് കൊച്ചിയിലെത്തിയത്. 1.20ന് എത്തിയ ആദ്യ വിമാനത്തിൽ 178 ഉം 2.30ന് എത്തിയ രണ്ടാം വിമാനത്തിൽ 173 ഉം യാത്രക്കാരുമുണ്ടായിരുന്നു. ഷെഡ്യൂൾ ചെയ്ത ചാർട്ടേഡ് വിമാനങ്ങളിൽ ആദ്യത്തേത് വൈകീട്ട് 6.30ന് കൊച്ചിയിലെത്തി. ഇതിൽ 178 യാത്രക്കാർ ഉണ്ടായിരുന്നു. രാത്രി ഒരു ചാർട്ടേഡ് വിമാനംകൂടി ഡൽഹിയിൽനിന്ന് കൊച്ചിയിലെത്തി. ഇതിൽ 158 യാത്രക്കാരുണ്ടായിരുന്നു. മുംബൈ വിമാനത്താവളത്തിൽ 227 വിദ്യാർഥികൾ എത്തി. ഇതിൽ 205 പേരെയാണ് ഇതുവരെ നാട്ടിലെത്തിച്ചത്. സ്വദേശത്തോട് അടുത്തുള്ള വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണ് മുംബൈയിൽനിന്ന് വിദ്യാർഥികളെ നാട്ടിൽ എത്തിക്കുന്നത്.

