സമാധാന ചർച്ച പരാജയപ്പെട്ടാൽ യുദ്ധം മാത്രം പോംവഴി; അഫ്ഗാനിസ്താന് ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി
text_fieldsഇസ്‍ലാമാബാദ്: അഫ്ഗാനിസ്താനുമായി സമാധാന ചർച്ച പരാജയപ്പെട്ടാൽ യുദ്ധം മാത്രമാണ് പോംവഴിയെന്ന് പാകിസ്താൻ. ഇരുരാജ്യങ്ങളിൽ തുർക്കിയിൽ സമാധാന ചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ മുന്നറിയിപ്പ്.
‘ചർച്ചകൾ പരാജയപ്പെട്ടാൽ യുദ്ധം മാത്രമാവും പോംവഴി’ പാക് വാർത്താ പോർട്ടലായ ജിയോ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഖ്വാജ ആസിഫ് പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണ് പങ്കുവെച്ചത്. അഫ്ഗാനിസ്താന് മുന്നറിയിപ്പ് നൽകുമ്പോൾ തന്നെ ‘ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കാനാവുമെന്ന പ്രതീക്ഷ ആസിഫ് പങ്കുവെച്ചതായി’ പാക് ദേശീയ മാധ്യമായ ദ ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
തുർക്കിയിലെ ഇസ്താംബുളിൽ കഴിഞ്ഞ രണ്ടുവട്ട ചർച്ചകളും കാര്യമായ തീരുമാനങ്ങളെടുക്കാനാവാതെ പരാജയപ്പെട്ടിരുന്നു. ഇതിനിടെ, പാക് പ്രതിരോധ മന്ത്രിയുടെ പരാർമശങ്ങൾ കൂടുതൽ പ്രകോപനപരമായേക്കുമെന്നാണ് കണക്കുകൂട്ടൽ.
ഒക്ടോബറിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നടന്ന നാലുദിവസം നീണ്ട സമാധാന ചർച്ചകൾക്ക് പിന്നാലെ അതിർത്തിയിൽ ഏറ്റുമുട്ടൽ ശക്തമാവുന്നതായിരുന്നു കാഴ്ച. ഇതിന് പിന്നാലെ താത്കാലിക വെടിനിർത്തൽ ഒക്ടോബർ 19ന് നിലവിൽ വന്നു. പാക് പ്രതിനിധി ഇസ്താംബുളിലേക്ക് ചർച്ചക്ക് തിരിച്ചതായി ബുധനാഴ്ച ആസിഫ് സ്ഥിരീകരിച്ചത്.
അതേസമയം, മൂന്നാംഘട്ട ചർച്ചകൾ സമാധാന കരാർ സംബന്ധിച്ച് അന്തിമ ധാരണ നൽകിയേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ അസദുല്ല നദീമിനെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന അന്തിമ കൂടിക്കാഴ്ചയായേക്കാം ഇതെന്നും ഉടമ്പടിലേർപ്പെടണമോ തളളണമോ എന്ന് അന്തിമ തീരുമാനം ഇക്കുറി പ്രതീക്ഷിക്കാമെന്നും മുൻ ചർച്ചകൾ ചൂണ്ടിക്കാട്ടി അസദുല്ല പറഞ്ഞു.
തുർക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ചർച്ചകൾ ശുഭപര്യവസായിയാവുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തർ അമീർ പറഞ്ഞു. അതേസമയം, സമാധാനവും സഹകരണവും ചർച്ചയിൽ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷയെന്ന് പാക് സഹമുഖ്യമന്ത്രി ഇഷാഖ് ദർ പ്രതികരിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുരാജ്യങ്ങൾക്കുമിടയിൽ നയതന്ത്രബന്ധം ഉലഞ്ഞ് തുടരുകയാണ്. ഇതിനിടെ ഒക്ടോബർ 11ന് പാകിസ്താനിൽ, അഫ്ഗാൻ മേഖലയിൽ നിന്നുമുണ്ടായ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരുന്നു. ഇതിന് പിന്നാലെ, ഇരുവിഭാഗവും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

