ഇസ്രായേൽ ഉപരോധം ഭേദിച്ച് സുമൂദ് ഫ്ലോട്ടിലയിലെ ഒരു കപ്പൽ; എല്ലാം പിടിച്ചെടുത്തെന്ന് ഇസ്രായേൽ
text_fieldsഗസ്സ സിറ്റി: ഗസ്സയിലെ ജനങ്ങൾക്ക് സഹായവസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല കപ്പലുകൾ തീരമണയുംമുമ്പേ ഇസ്രായേൽ നാവിക സേന പിടികൂടിയിരിക്കെ, സംഘത്തിലെ ഒരു കപ്പൽ ഇസ്രായേൽ ഉപരോധം ഭേദിച്ചതായി റിപ്പോർട്ട്. കപ്പലുകൾ ഗസ്സ തീരത്തിന്റെ 70 നോട്ടിക്കൽ മൈൽ (130 കിലോമീറ്റർ) വരെ അടുത്തെത്തിയപ്പോൾ 13 കപ്പലുകൾ സൈന്യം പിടികൂടി. ശേഷിച്ച കപ്പലുകൾ ഇന്ന് ഇന്ത്യൻ സമയം രണ്ടോടെ പിടിച്ചെടുത്തു. ചില കപ്പലുകൾ 46 നോട്ടിക്കൽ മൈൽ വരെ തീരത്തോടടുത്തു. അതിലൊരെണ്ണമാണ് ഇസ്രായേലിന്റെ ഉപരോധ രേഖ മറികടന്ന് പോയത്.
ഇതാദ്യമായിട്ടാണ് ഒരു കപ്പൽ ഇസ്രായേൽ ഉപരോധം ഭേദിക്കുന്നത്. എന്നാൽ, മുഴുവൻ കപ്പലുകളും പിടിച്ചെടുത്തുവെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദം.
ആഗസ്റ്റ് 31ന് സ്പെയിനിലെ വിവിധ തുറമുഖങ്ങൾ, തുനീഷ്യ തലസ്ഥാനമായ തൂനിസ്, ഇറ്റലിയിലെ സിസിലി എന്നിവിടങ്ങളിൽനിന്നായി പുറപ്പെട്ട 44 ചെറുകപ്പലുകളാണ് ഇസ്രായേൽ പിടികൂടിയത്. കപ്പലിൽ 40ലധികം രാജ്യങ്ങളിൽനിന്നായി 500ഓളം ആക്ടിവിസ്റ്റുകളാണ് ഉണ്ടായിരുന്നത്. പ്രമുഖ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗ്, ഫ്രാൻസിൽനിന്നുള്ള യൂറോപ്യൻ യൂനിയൻ പാർലമെന്റ് അംഗം എമ്മ ഫോറ്യൂ, ബാഴ്സലോണ മേയർ അഡാ കോലോവ് തുടങ്ങിയവരുണ്ട്. തുർക്കിയുടെ നാല് പാർലമെന്റ് അംഗങ്ങളും സംഘത്തിലുണ്ട്. പിടികൂടിയ ആക്ടിവിസ്റ്റുകളെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, കപ്പൽ വ്യൂഹത്തെ തടഞ്ഞതിൽ ലോകമാകെ പ്രതിഷേധമുയരുകയാണ്. ഗസ്സയിലേക്കുള്ള സഹായക്കപ്പലുകൾ തടഞ്ഞതിനെ ഭീകരകൃത്യമായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായുമൊക്കെയാണ് സ്പെയിൻ, കൊളംബിയ, ഇറ്റലി തുടങ്ങിയ ലോകരാജ്യങ്ങൾ വിലയിരുത്തിയത്.
ഇറ്റലിയിലെ ഏറ്റവും വലിയ തൊഴിലാളി യൂനിയനായ സി.ജി.ഐ.എൽ കപ്പൽ വ്യൂഹത്തെ തടഞ്ഞതിൽ നാളെ രാജ്യവ്യാപക പൊതുപണിമുടക്ക് പ്രഖ്യാപിച്ചു. ഇസ്രായേൽ അന്താരാഷ്ട്ര നിയമം ലംഘിച്ച് കപ്പൽവ്യൂഹത്തെ തടഞ്ഞാൽ രാജ്യത്തെ സ്തംഭിപ്പിക്കുമെന്ന് യൂനിയനുകൾ സമീപ ദിവസങ്ങളിൽ മുന്നറിയിപ്പു നൽകിയിരുന്നു. യൂറോപ്പിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ തൊഴിലാളി യൂനിയൻ ആണിത്. പണിമുടക്ക് എല്ലാ പൊതു, സ്വകാര്യ മേഖലകളെ ബാധിക്കും. ആശുപത്രികൾ, അടിയന്തര സേവനങ്ങൾ, കുറഞ്ഞ ഗതാഗതം, സുരക്ഷ എന്നിവ മാത്രം പ്രവർത്തിക്കും. അതേസമയം പൊതു ഓഫിസുകൾ, സ്കൂളുകൾ, സർവകലാശാലകൾ, സ്വകാര്യ ബിസിനസുകൾ തുടങ്ങിയവ തടസ്സപ്പെടും.
ഫ്ലോട്ടിലക്ക് നേരയുണ്ടായ ആക്രമണത്തത്തിനു പിന്നാലെ കൊളംബിയയിൽ നിന്നുള്ള മുഴുവൻ ഇസ്രായേലി നയതന്ത്ര പ്രതിനിധി സംഘത്തെയും പുറത്താക്കാൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉത്തരവിട്ടു. കപ്പൽ വ്യൂഹത്തെയും പൗരൻമാരെയും തടഞ്ഞത് ബിന്യമിൻ നെതന്യാഹുവിന്റെ പുതിയ അന്താരാഷ്ട്ര കുറ്റകൃത്യമായി മാറുമെന്ന് ഗുസ്താവോ പെട്രോ ‘എക്‌സി’ൽ മുന്നറിയിപ്പ് നൽകി. ഇസ്രായേലുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെ ഉടൻ പരിശോധിക്കും എന്നും അദ്ദേഹം പറഞ്ഞു. കൊളംബിയൻ പൗരൻമാരായ മാനുവേല ബെഡോയയും ലൂണ ബാരെറ്റോയും ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ ക്രൂവിന്റെ ഭാഗമായിരുന്നു.
സഹായ കപ്പലുകൾക്ക് നേരെയുള്ള ഇസ്രായേലിന്റെ നടപടിയെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ശക്തമായ വാക്കുകളിൽ അപലപിച്ചു. ആക്രമണത്തിൽ ഇസ്രായേലിനെ ഉത്തരവാദിയാക്കാൻ തന്റെ രാജ്യം എല്ലാ നിയമപരമായ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇസ്രായേൽ തടവിലാക്കിയ സംഘത്തിൽ മലേഷ്യൻ പൗരൻമാരും ഉൾപ്പെടുന്നു. ഫലസ്തീൻ ജനതയുടെ അവകാശങ്ങളും അഭിലാഷങ്ങളും നിഷേധിക്കപ്പെടുന്നത് തുടരുന്നിടത്തോളം മലേഷ്യ ഉറച്ചുനിൽക്കുമെന്നും ദീർഘകാലമായി നിലനിൽക്കുന്ന അനീതിയും ദാരിദ്ര്യവും അവസാനിപ്പിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയമവിരുദ്ധമായി തടവിലാക്കപ്പെട്ട പ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടു. ഇത്തരം ഭീഷണി അസ്വീകാര്യമാണെന്നും സഹിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യവും അടിസ്ഥാന ആവശ്യങ്ങളും നിഷേധിക്കപ്പെട്ട ഒരു ജനതക്ക് ദുരിതാശ്വാസ സാമഗ്രികൾ കൊണ്ടുപോകുന്ന ഒരു മാനുഷിക വാഹനവ്യൂഹത്തെ ലക്ഷ്യമിടുന്നത് മാനുഷികതക്കും അന്താരാഷ്ട്ര നിയമത്തിനും എതിരായ ഗുരുതരമായ നീക്കമാണെന്ന് മുയിസു ‘എക്‌സി’ൽ പറഞ്ഞു.
ഇസ്രായേൽ സേനയുടെ ക്രൂരമായ ആക്രമണത്തെ തന്റെ രാജ്യം ശക്തമായി അപലപിക്കുന്നുവെന്നും നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുന്ന സമാധാന പ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്നും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

