ഇംഗ്ലണ്ടിൽ പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് ഒരു മരണം, 90 പേർക്ക് പരിക്ക്
text_fieldsലണ്ടൻ: ഇംഗ്ലണ്ടിലെ ബെഡ്‌ഫോർഡിന് സമീപം രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോക്കോ പൈലറ്റ് മരിച്ചു. അപകടത്തിൽ 89 പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. ലണ്ടന് വടക്ക് ബെഡ്‌ഫോർഡ് ഭാഗത്താണ് രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടം നടന്നത്. നോട്ടിങ്ഹാമിൽ നിന്ന് ലണ്ടനിലേക്കും കോർബിയിൽ നിന്ന് ലണ്ടനിലേക്കും വരികയായിരുന്ന ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽവേയുടെ രണ്ട് ട്രെയിനുകളാണ് ഒരേ ട്രാക്കിൽ വെച്ച് കൂട്ടിയിടിച്ചത്.
മുന്നിലുണ്ടായിരുന്ന ട്രെയിനിലേക്ക് പിന്നാലെ വന്ന ട്രെയിൻ ഇടിച്ചുകയറുകയായിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസ് 'മേജർ ഇൻസിഡന്റ്' പ്രഖ്യാപിക്കുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസ് 20ലധികം ആംബുലൻസുകളും ആറ് എയർ ആംബുലൻസുകളും സ്ഥലത്തെത്തിച്ച് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
11 പേർക്ക് അതിഗുരുതരമായ പരിക്കുകളുണ്ട്. 22 പേർക്ക് ഗുരുതരമായ പരിക്കുകളും 56 പേർക്ക് നിസ്സാരമായ പരിക്കുകളുമുണ്ട്. നാഷണൽ യൂണിയൻ ഓഫ് റെയിൽ, മാരിടൈം ആൻഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് (RMT) ആണ് മരിച്ച വ്യക്തി ട്രെലോക്കോ പൈലറ്റാണെന്ന വിവരം സ്ഥിരീകരിച്ചത്. അപകടത്തെത്തുടർന്ന് ലണ്ടൻ സെന്റ് പാൻക്രാസ് സ്റ്റേഷനിലേക്കും തിരിച്ചുമുള്ള ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു.
അപകടകാരണം കണ്ടെത്താൻ റെയിൽ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (RAIB) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിഗ്നലിങ് തകരാറാണോ അതോ മറ്റ് സാങ്കേതിക പിഴവുകളാണോ അപകടത്തിന് കാരണമായതെന്ന് പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി ഹൈദി അലക്സാണ്ടർ അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്ക് നന്ദി അറിയിക്കുകയും ചെയ്തു. യാത്രക്കാർക്ക് ബദൽ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനും റെയിൽവേ സംവിധാനം സാധാരണ നിലയിലാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

