‘ബോർഡ് ഓഫ് പീസ്’ പ്രഥമ യോഗത്തിൽ നിരീക്ഷകരായി ഒമാൻ
text_fieldsവാഷിങ്ടണിൽ നടന്ന ‘ബോർഡ് ഓഫ് പീസ്’ പ്രഥമ യോഗം
വാഷിങ്ടൺ/ മസ്കത്ത്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണമനുസരിച്ച് ‘ബോർഡ് ഓഫ് പീസ്’ പ്രഥമ യോഗത്തിൽ ഒമാൻ സുൽത്താനേറ്റ് നിരീക്ഷകസ്ഥാനത്ത് പങ്കെടുത്തു. വാഷിങ്ടൺ ഡി.സിയിൽ നടന്ന യോഗത്തിൽ ബോർഡിന്റെ പൊതുവായ കാഴ്ചപ്പാടും അടുത്തഘട്ട പ്രവർത്തനപദ്ധതിയും അവലോകനം ചെയ്തു. ഗസ്സ പുനർനിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായത്. ഉച്ചകോടി ഉദ്ഘാടനം ചെയ്ത ഡോണൾഡ് ട്രംപ്, ഗസ്സക്കായി 10 ബില്യൺ ഡോളർ നൽകുമെന്ന് പ്രഖ്യാപിച്ചു.
വിവിധ രാജ്യങ്ങളും ധനസഹായവും സൈനിക പിന്തുണയും വാഗ്ദാനം ചെയ്തതായി അദ്ദേഹം അറിയിച്ചു. ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങൾ കുറഞ്ഞത് ഒരു ബില്യൺ ഡോളർ വീതം വാഗ്ദാനം ചെയ്തതായി വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. ട്രംപിന്റെ പ്രഖ്യാപനം ഒഴികെ 6.5 ബില്യൺ ഡോളറിലധികം ഇതിനകം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. ഗസ്സയിലെ സാഹചര്യം സങ്കീർണമാണെന്നും എന്നാൽ രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള കൂട്ടായ പരിശ്രമത്തിലൂടെ സമാധാനം കൈവരിക്കാനാകുമെന്നും വ്യക്തമാക്കി. ലോകരാജ്യങ്ങളുടെ സഹകരണത്തോടെ സമാധാനം ഉറപ്പാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിന്റെ ചെലവിനേക്കാൾ വലുതാണ് സമാധാനത്തിന്റെ വില എന്നും അദ്ദേഹം ഓർമിപ്പിച്ചു. ഗസ്സയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനർനിർമാണത്തിനുമായി വൻ സാമ്പത്തിക പാക്കേജും ട്രംപ് ഉച്ചകോടിയിൽ പ്രഖ്യാപിച്ചു.
യോഗത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി പങ്കെടുത്തു. ഒമാന്റെ പങ്കാളിത്തം സമാധാന ശ്രമങ്ങൾക്ക് സംഭാഷണ മാർഗം പിന്തുടരുന്ന രാജ്യത്തിന്റെ സ്ഥിരതയാർന്ന നിലപാടിനൊത്തതാണെന്ന് ഒമാൻ സുൽത്താനേറ്റ് വ്യക്തമാക്കി. ഫലസ്തീന്റെ സ്വയംനിർണയാവകാശത്തെ പിന്തുണക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളും മാനിക്കുന്നതുമാണ് ഒമാന്റെ നയം. കിഴക്കൻ ജറൂസലം തലസ്ഥാനമായ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന്റെ രൂപവത്കരണവും ഇരുരാജ്യ പരിഹാരവും വഴി മേഖലയിലെ ജനങ്ങൾക്ക് ദീർഘകാല സമാധാനവും സ്ഥിരതയും ഉറപ്പാക്കണമെന്ന നിലപാട് ഒമാൻ ആവർത്തിച്ചു.
‘ബോർഡ് ഓഫ് പീസ്’
യോഗത്തിൽ ഒമാൻ
വിദേശകാര്യ മന്ത്രി
‘ബോർഡ് ഓഫ് പീസ്’ ഘടനാപരമായി എങ്ങനെ പ്രവർത്തിക്കും എന്നതിനെക്കുറിച്ചും ചില വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ബോർഡിന് മേൽ വീറ്റോ അധികാരം ട്രംപിനുണ്ടാകുമെന്നും, പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷവും അദ്ദേഹം അതിന്റെ തലവനായി തുടരുമെന്നുമാണ് റിപ്പോർട്ട്. സ്ഥിരാംഗത്വം ആഗ്രഹിക്കുന്ന രാജ്യങ്ങൾ രണ്ട് വർഷത്തെ കാലാവധിക്ക് പകരം ഒരു ബില്യൺ ഡോളർ നൽകേണ്ടിവരുമെന്ന വ്യവസ്ഥയും ചർച്ചയായിട്ടുണ്ട്. അതേസമയം, അന്താരാഷ്ട്ര അംഗീകാരമുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച മിഡിലീസ്റ്റ് പീസ് കൗൺസിലിന്റെ പ്രവർത്തനങ്ങൾക്കായി ഖത്തർ 100 കോടി യു.എസ് ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൗൺസിൽ യോഗത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പ്രഖ്യാപനം നിർവഹിച്ചു.
സമാധാന ശ്രമങ്ങളെ പ്രശംസിച്ച ഖത്തർ പ്രധാനമന്ത്രി, കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് ഖത്തറിന്റെ പിന്തുണ ആവർത്തിച്ചു. മധ്യസ്ഥശ്രമങ്ങൾ ആരംഭിച്ചത് മുതൽ ഖത്തറിന്റെ പിന്തുണയുണ്ടെന്നും, മധ്യസ്ഥ രാഷ്ട്രങ്ങളോടൊപ്പം ചേർന്ന് ശറമുൽ ശൈഖ് കരാർ ഒപ്പിട്ടത് മുതൽ ചരിത്രനിമിഷങ്ങളിലുടനീളം അത് തുടരുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. യോഗത്തിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും പങ്കെടുത്തു. ഗസ്സയിലെ സംഘർഷാവസ്ഥ പരിഹരിക്കാനും മേഖലയിൽ സുരക്ഷ പുനഃസ്ഥാപിക്കാനുമുള്ള ഈ നീക്കം ചരിത്രപരമായ അവസരമാണെന്ന് ഹമദ് രാജാവ് വിശേഷിപ്പിച്ചു. ഗസ്സക്കായി ഒരു 'ഗവൺമെന്റ് ഡിജിറ്റൽ സർവിസ് പ്ലാറ്റ്ഫോം' സ്ഥാപിക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായവും അടിസ്ഥാന സൗകര്യങ്ങളും ബഹ്റൈൻ വാഗ്ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

