Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഗോളതലത്തിലെ സംഘർഷങ്ങൾ; അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഒമാനും അംഗോളയും

text_fields
bookmark_border
ആഗോളതലത്തിലെ സംഘർഷങ്ങൾ; അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഒമാനും അംഗോളയും
cancel
camera_alt

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് അംഗോളയിൽ പ്രസിഡന്റ് ജോവോ ലൂറെൻസോയുടെ നേതൃത്വത്തിൽ ഔദ്യോഗിക സ്വീകരണം നൽകിയപ്പോൾ

മസ്കത്ത്/ലുവാണ്ട: മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ തുടരുന്ന സംഘർഷങ്ങളിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും അംഗോളൻ പ്രസിഡന്റ് ജോവോ ലൂറെൻസോയും. സംഭാഷണങ്ങളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകൂ എന്ന തങ്ങളുടെ നിലപാട് ഇരു നേതാക്കളും ആവർത്തിച്ചു. സുൽത്താന്റെ അംഗോള സന്ദർശനത്തിന്റെ സമാപനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്ന് മേഖലകളിലും തുടരുന്ന സംഘർഷങ്ങളിൽ ഇരു നേതാക്കളും ശക്തമായ ആശങ്ക രേഖപ്പെടുത്തി. ശാശ്വതമായ പരിഹാരത്തിലെത്താൻ സമാധാനപരമായ ചർച്ചകളിൽ ഏർപ്പെടാൻ ബന്ധപ്പെട്ട കക്ഷികളോട് ആവശ്യപ്പെട്ടു. ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധിയെക്കുറിച്ച് പരാമർശിച്ച പ്രസിഡന്റ് ലൂറെൻസോ, പ്രാദേശിക സംഘർഷങ്ങൾ കുറക്കാനും സമാധാനപരമായ പരിഹാരത്തിനായി ചർച്ചകൾ നിലനിർത്താനും ഒമാൻ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ചു. ഫലസ്തീൻ വിഷയത്തിൽ, സമാധാനപരമായ സഹവർത്തിത്വം, ജനങ്ങളുടെ സ്വയം നിർണയാവകാശം, ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾ എന്നിവക്കുള്ള പിന്തുണ സുൽത്താൻ ഹൈതം ബിൻ താരിഖും ലൂറെൻസോയും ആവർത്തിച്ചു.

മനുഷ്യാവകാശ ലംഘനങ്ങളെയും സാധാരണക്കാർക്ക് നേരെ നടത്തുന്ന വിവേചനരഹിതമായ ആക്രമണങ്ങളെയും ഇരുവരും അപലപിച്ചു. കൂടാതെ, അന്താരാഷ്ട്ര നിയമങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനൊപ്പം രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ബഹുമാനം നിലനിർത്തുകയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കേണ്ടതിന്റെ ആവശ്യകതയും ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.

ലുവാണ്ടയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഇരു നേതാക്കളും നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ പ്രതിനിധി സംഘങ്ങൾ തമ്മിലും ചർച്ചകൾ നടന്നു. യൂറോപ്പ്, നയതന്ത്രം, എണ്ണ, ഊർ, ധാതു വിഭവങ്ങൾ, ധനകാര്യം, ടൂറിസം, കൃഷി, മത്സ്യബന്ധനം, ഗതാഗതം, ലോജിസ്റ്റിക്സ്, ഭവനം എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കാനും പുതിയ പങ്കാളിത്ത സാധ്യതകൾ തേടാനും ഇരു നേതാക്കളും തീരുമാനിച്ചു.

സന്ദർശനത്തിനിടയിൽ ഇരു രാജ്യങ്ങളിലെയും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ തമ്മിൽ 10 നിയമപരമായ സഹകരണ രേഖകളും മൂന്ന് ധാരണാപത്രങ്ങളും കൈമാറി. പരസ്പര താൽപര്യമുള്ള തന്ത്രപ്രധാന മേഖലകളിൽ വികസിപ്പിച്ചെടുക്കുന്ന പദ്ധതികളും സംരംഭങ്ങളും നടപ്പാക്കാൻ ഇരുപക്ഷവും സമ്മതിച്ചു. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ഒപ്പിട്ട കരാറുകളുടെയും ധാരണാപത്രങ്ങളുടെയും മൂല്യം 1.5 ബില്യൺ ഡോളറിലധികം (150 കോടി ഡോളർ) വരും.

ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകളുടെ പുരോഗതി വിലയിരുത്തുന്നതിനായി പതിവായി ഉഭയകക്ഷി രാഷ്ട്രീയ ചർച്ചകൾ നടത്താനും ഒമാനും അംഗോളയും തീരുമാനിച്ചു. അടുത്ത ഘട്ട രാഷ്ട്രീയ ചർച്ചകളും ഉഭയകക്ഷി സമിതിയുടെ ആദ്യ സമ്മേളനവും മസ്കത്തിൽ നടക്കും. വിവിധ ഉഭയകക്ഷി, പ്രാദേശിക, അന്തർദ്ദേശീയ വിഷയങ്ങളിൽ ഇരു രാജ്യങ്ങൾക്കും ഒരേ കാഴ്ചപ്പാടാണുള്ളതെന്ന് ചർച്ചകൾ വ്യക്തമാക്കുന്നതായി ഇരു നേതാക്കളും പറഞ്ഞു.

ഒമാനും അംഗോളയും തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കുന്നതിൽ ഈ സന്ദർശനം ചരിത്രപരമായ ഒരു നാഴികക്കല്ലാണെന്ന് അവർ വിശേഷിപ്പിച്ചു. വെള്ളിയാഴ്ച ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ സുൽത്താൻ ഹൈതം ബിൻ താരിഖ്, തനിക്കും ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും പ്രസിഡന്റ് ലൂറെൻസോയോടും അംഗോളൻ ജനതയോടും നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman and Angola Urge Immediate Ceasefire Amid Ongoing Conflicts in Middle East, Africa, and Eastern Europe
Next Story