ഹൂത്തി ഭീഷണി ഇന്ത്യക്ക് തലവേദന!; ഇന്ത്യയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പലുകൾ ചെങ്കടലിൽ വഴിതിരിച്ചുവിട്ടു
text_fieldsപ്രതീകാത്മക ചിത്രം (ഫയൽ)
ന്യൂഡൽഹി: സൗദി അറേബ്യയിൽനിന്ന് ഇന്ത്യയിലേക്കും ചൈനയിലേക്കും പുറപ്പെട്ട എണ്ണക്കപ്പലുകൾ ഹൂത്തികളുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ വഴിതിരിച്ചുവിട്ടു. ചെങ്കടൽ പാത വഴി വരികയായിരുന്ന മൂന്ന് കപ്പലുകളാണ് വഴി മാറ്റിയത്.
കപ്പലുകൾ ബാബുൽ മന്ദബ് കടലിടുക്ക് വഴിയുള്ള തെക്കൻ പാത ഉപേക്ഷിച്ച് വടക്കോട്ട് സൂയസ് കനാലിന്റെ ദിശയിലേക്കാണ് തിരിഞ്ഞതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു. സൂയസ് കനാൽ വഴി ഇന്ത്യയിലേക്കും ചൈനയിലേക്കും വരാൻ ആഴ്ചകൾ കൂടുതൽ സഞ്ചരിക്കേണ്ടതായിവരും. അതോടൊപ്പം വലിയ ചിലവ് വരുന്നതും ഇന്ധന വിതരണത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കപ്പെടുന്നതിലേക്ക് നയിക്കുന്നതുമാണ്.
യാൻബുവിൽനിന്ന് 20 ലക്ഷം ബാരൽ ക്രൂഡ് ലോഡ് ചെയ്ത ഷിൻ ലോങ് യാങ് എന്ന ചൈന ലക്ഷ്യംവെച്ചുള്ള കപ്പലും, ഏകദേശം ഏഴ് ലക്ഷം ബാരൽ ക്രൂഡുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട റോഡോസ്, ഇന്ത്യക്കായി ക്രൂഡ് ലോഡ് ചെയ്ത ആമസോൺ സൂയസ് മാക്സ് എന്നീ കപ്പലുകളാണ് വഴി മാറ്റിയത്.
ഹൂത്തികൾ തിങ്കളാഴ്ച സൗദിക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതോടെ മേഖലയിൽ സംഘർഷം കൂടുതൽ വ്യാപിക്കാനും ആഗോള ഊർജവിതരണത്തിനും അന്താരാഷ്ട്ര വ്യാപാരത്തിനും കൂടുതൽ ഭീഷണി ഉയരാനും സാധ്യതയേറിയിരിക്കുകയാണ്. ഹൂത്തികൾ ഷിപ്പിങ് കമ്പനികൾക്ക് അയച്ച സന്ദേശത്തിൽ സൗദി തുറമുഖങ്ങളിൽ ചരക്ക് കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന കപ്പലുകൾ ‘ഏത് സ്ഥലത്തുവെച്ചും ലക്ഷ്യമാക്കപ്പെടാം’ എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗൾഫ് മേഖലയിലേക്കുള്ള പ്രധാന പ്രവേശന കവാടമായ ഹുർമുസ് കടലിടുക്ക് നിലവിലെ സംഘർഷത്തെ തുടർന്ന് തടസ്സപ്പെട്ട സാഹചര്യത്തിൽ, സൗദിയുടെ ചെങ്കടൽ തീരത്തുള്ള യാൻബു തുറമുഖം മിഡിൽ ഈസ്റ്റിൽ നിന്നുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയുടെ പ്രധാന ബദൽ മാർഗമാണ്. പ്രതിദിനം ദശലക്ഷക്കണക്കിന് ബാരൽ എണ്ണ ഈ തുറമുഖത്തിലൂടെ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിലേക്ക് ചരക്കെത്തിക്കാൻ ചെങ്കടലിലെ ബാബുൽ മന്ദബ് കടലിടുക്ക് കടക്കണം. പക്ഷേ ഈ പ്രദേശം ഹൂത്തികളുടെ നിയന്ത്രണത്തിലാണുള്ളത്.
കപ്പലുകൾ ബാബുൽ മന്ദബ് വഴി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പോകുന്നതിന് പകരം സൂയസ് കനാൽ വഴി മെഡിറ്ററേനിയൻ കടലിലേക്ക് പ്രവേശിച്ച ശേഷം ആഫ്രിക്കയെ ചുറ്റി ഏഷ്യയിലെത്തേണ്ട സാഹചര്യം വന്നാൽ യാത്രാസമയം, ഇന്ധനച്ചെലവ്, ചരക്ക് ഗതാഗതച്ചെലവ് എന്നിവ ഗണ്യമായി ഉയരും. കൂടാതെ, പൂർണമായി ലോഡ് ചെയ്ത ചില കപ്പലുകൾക്ക് സൂയസ് കനാൽ കടക്കാൻ കഴിയാത്തതിനാൽ, ചരക്കിന്റെ ഒരു ഭാഗം ഈജിപ്തിലെ പൈപ്പ് ലൈൻ വഴി മെഡിറ്ററേനിയൻ തീരത്തേക്ക് മാറ്റി പിന്നീട് വീണ്ടും കപ്പലിൽ കയറ്റേണ്ടി വരും. ഇതും ചെലവും സമയവും വർധിപ്പിക്കുന്നതാണ്.
കഴിഞ്ഞ മാസങ്ങളിൽ പ്രതിദിനം ശരാശരി 10 ക്രൂഡ് ഓയിൽ ടാങ്കറുകൾ ബാബുൽ മന്ദബ് വഴി കടന്നുപോയിട്ടുണ്ട്. ഈ ഗതാഗതം തടസ്സപ്പെട്ടാൽ യാൻബുവിൽ നിന്നുള്ള എണ്ണയുടെ വലിയൊരു ഭാഗം യൂറോപ്യൻ വിപണിയിലേക്ക് തിരിച്ചുവിടപ്പെടും. ഇത് ഇന്ത്യയിലും ചൈനയിലും പ്രതിസന്ധി സൃഷ്ടിക്കപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

