Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎണ്ണ ഉൽപാദനം...

എണ്ണ ഉൽപാദനം വെട്ടിക്കുറക്കൽ: തീരുമാനം മാറ്റിവെക്കുന്നത് പ്രതികൂലമാകുമെന്ന് സൗദി അറേബ്യ

text_fields
bookmark_border
എണ്ണ ഉൽപാദനം വെട്ടിക്കുറക്കൽ: തീരുമാനം മാറ്റിവെക്കുന്നത് പ്രതികൂലമാകുമെന്ന് സൗദി അറേബ്യ
cancel
camera_alt

സൗ​ദി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ആ​ദി​ൽ അ​ൽ ജു​ബൈ​ർ

റിയാദ്: എണ്ണ ഉൽപാദനം കുറക്കാനുള്ള ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം നടപ്പാക്കാതെ മാറ്റിവെക്കുന്നത് ലോക സാഹചര്യത്തിന് പ്രതികൂലമാകുമെന്ന് സൗദി അറേബ്യ. ഇക്കാര്യം അമേരിക്കയെ ഔദ്യോഗികമായി അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈമാസം അഞ്ചിന് ചേർന്ന പെട്രോളിയം ഉൽപാദക-കയറ്റുമതി രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും യോഗം ക്രൂഡ് ഓയിലിന്റെ പ്രതിദിന ഉൽപാദനം 20 ലക്ഷം ബാരലായി വെട്ടിക്കുറക്കാൻ തീരുമാനിച്ചിരുന്നു.

യുക്രെയ്ൻ യുദ്ധസാഹചര്യത്തിൽ എണ്ണവില ഉയർത്തി റഷ്യ നേട്ടമുണ്ടാക്കുന്നത് തടയാൻ ശ്രമിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഒപെക് രാജ്യങ്ങളുടെ തീരുമാനത്തെ 'ഹ്രസ്വദൃഷ്ടി' എന്ന് വിശേഷിപ്പിച്ചിരുന്നു. സൗദി അറേബ്യയുമായുള്ള അമേരിക്കയുടെ ബന്ധത്തിൽ ഇത് പ്രതിഫലിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്ത സാഹചര്യത്തിലാണ് സൗദി അമേരിക്കയെ ഈ നിലപാട് അറിയിച്ചത്.

ഇതു സംബന്ധിച്ച വിശദമായ പ്രസ്‌താവന വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ പേജിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. സൗദി അറേബ്യ എണ്ണയെ രാഷ്ട്രീയ ആയുധമായി കാണുന്നില്ലെന്നും അന്താരാഷ്ട്ര സംഘർഷങ്ങളിൽ രാജ്യം പക്ഷംചേരുന്നു എന്ന വ്യാഖ്യാനം വസ്തുതാപരമല്ലെന്നും പ്രസ്താവനയിൽ പറയുന്നു. സാമ്പത്തിക പശ്ചാത്തലം പരിഗണിച്ചും ആഗോള എണ്ണവിപണിയുടെ ഗതിക്കനുസൃതമായുമാണ് ഒപെക് പ്ലസ് യോഗം ഉൽപാദനം പരിമിതപ്പെടുത്താൻ തീരുമാനിച്ചതെന്ന് യു.എസ് ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.

തീരുമാനം നടപ്പാക്കുന്നത് നീട്ടിവെക്കുക എന്നത് നിലവിലെ ആഗോള സാഹചര്യത്തിൽ പ്രതികൂലമാകുമെന്നാണ് വിലയിരുത്തൽ. എല്ലാ സാമ്പത്തിക വിശകലനങ്ങളും സൂചിപ്പിക്കുന്നത് ഒപെക് യോഗതീരുമാനം നീട്ടിവെക്കുന്നത് സമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ്. എണ്ണയുൽപാദക രാഷ്ട്രങ്ങളുടെ പൊതുവേദി എന്നനിലക്ക് വിപണിയിലെ ചാഞ്ചാട്ടം അവസാനിപ്പിക്കാനും ഉൽപന്നങ്ങളുടെ ആവശ്യവും വിതരണവും സന്തുലിതമാക്കാനുമുള്ള ശ്രമമാണ് ഒപെക് രാജ്യങ്ങൾ ഏകകണ്ഠമായ തീരുമാനത്തിലൂടെ നടത്തിയത്.

സൗദി അറേബ്യ എണ്ണയെ രാഷ്ട്രീയവത്കരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ആയുധമെന്ന നിലക്കല്ല, മറിച്ച് ഒരു ഉൽപന്നമെന്ന നിലക്കാണ് എണ്ണയെ തങ്ങൾ കാണുന്നതെന്നും സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ-ജുബൈർ സി.എൻ.എൻ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. യു.എസുമായുള്ള ബന്ധം ഏതാനും ആഴ്ചകളുടേതല്ല. അതിന് പതിറ്റാണ്ടുകളുടെ ദൈർഘ്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒപെക് യോഗ തീരുമാനം സൗദി-യു. എസ് ബന്ധത്തിൽ സൃഷ്ടിക്കുന്ന ആഘാതത്തെ കുറിച്ചുള്ള ചോദ്യത്തിന് സ്ഥിരമായ താൽപര്യങ്ങളുള്ള ബന്ധമാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

തീവ്രവാദത്തിനും ഭീകരതക്കും എതിരെയുള്ള യോജിച്ച പോരാട്ടം ആ താൽപര്യങ്ങളിൽപെട്ടതാണ്. വ്യാപാര, നിക്ഷേപ ഇടപാടുകൾ നിലനിൽക്കുന്ന ദൃഢമായ ബന്ധമാണത്. 80,000 അമേരിക്കക്കാർ സൗദിയിൽ താമസിച്ച് ജോലിചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എണ്ണ ഉൽപാദനം കുറക്കാനുള്ള തീരുമാനത്തിനു പിന്നിൽ വിപണിസ്ഥിരതയാണ് തങ്ങൾ പരിഗണിച്ചതെന്ന് ഊർജകാര്യ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ 'ബ്ലൂംബെർഗി'നോട് പറഞ്ഞു.

ഇതിനിടെ, നിലവിലെ ഊർജപ്രതിസന്ധിക്ക് ജോ ബൈഡനെ കുറ്റപ്പെടുത്തി യു.എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ രംഗത്തുവന്നു. സൂര്യപ്രകാശവും കാറ്റും സ്രോതസ്സാക്കിയുള്ള ഊർജ ഉൽപാദനത്തിനാണ് ഭരണകൂടം ശ്രമിക്കുന്നത്. പുതിയ റിഫൈനറികൾ നിർമിക്കുന്നില്ല എന്നുമാത്രമല്ല തെറ്റായ തന്ത്രങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. സ്വന്തം രാജ്യത്ത് ഊർജോൽപാദനം കൂട്ടാൻ ശ്രമിക്കാതെ ഒപെക് സഖ്യത്തിനോ സൗദി അറേബ്യക്കോ നേരെ വിരൽചൂണ്ടുന്നത് ശരിയല്ലെന്ന് പോംപിയോ 'ഫോക്‌സ് ന്യൂസി'നോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oil productionSaudi Arabia
News Summary - Oil production cuts: Saudi Arabia says postponing decision will be counterproductive
Next Story