എണ്ണവില ബാരലിന് 150 ഡോളർ കടക്കുമെന്ന് വിലയിരുത്തൽ; ആക്രമണം ഊർജ, അടിസ്ഥാന സൗകര്യങ്ങളിലേക്ക്
text_fieldsതെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ ഒന്നാംഘട്ടത്തിൽ സൈനിക കേന്ദ്രങ്ങളെയാണ് പ്രധാനമായി ലക്ഷ്യം വെച്ചതെങ്കിൽ രണ്ടാം ഘട്ടത്തിൽ എണ്ണ ശുദ്ധീകരണശാല ലക്ഷ്യകേന്ദ്രങ്ങളാകുന്നു. തെഹ്റാനിലെ എണ്ണ സംഭരണകേന്ദ്രത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇസ്രായേലിലെ ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയെ ഇറാനും ആക്രമിച്ചു. ഇറാനിലെ തെഹ്റാനിലെയും അൽബോർസിലെയും നാല് എണ്ണ സംഭരണ കേന്ദ്രങ്ങളാണ് ഇസ്രായേലും അമേരിക്കയും ചേർന്ന് ആക്രമിച്ചത്.
നാല് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഇറാൻ ഹൈഫയിലെ ബസാൻ എണ്ണശുദ്ധീകരണശാലക്ക് നേരെ ഖൈബർ ഷെകാൻ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് നടത്തിയ ആക്രമണത്തെ പ്രതിരോധിക്കാൻ ഇസ്രായേലിന് കഴിഞ്ഞില്ല. അടുത്ത ദിവസങ്ങളിൽ വൈദ്യുതി ഉൽപാദന കേന്ദ്രങ്ങളെ ആക്രമിച്ചേക്കുമെന്ന സൂചന സൈനിക വൃത്തങ്ങൾ നൽകുന്നുണ്ട്. തങ്ങൾക്ക് നേരെ അന്യായമായി നടത്തിയ ആക്രമണത്തെ പ്രതിരോധിക്കാൻ എണ്ണയെ ആയുധമാക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചതാണ്.
ഹുർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നത് ഇതിന്റെ ഭാഗമാണ്. ഇത് ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരാൻ കാരണമാകുമെന്ന് വിലയിരുത്തലുണ്ട്. ക്രൂഡോയിൽ വില നിലവിൽ ബാരലിന് 90 ഡോളറാണ്. ഇത് ഏതാനും ദിവസത്തിനകം 100 ഡോളറാകുമെന്നും രണ്ട് മാസത്തോളം യുദ്ധം നീണ്ടാൽ 150 ഡോളറാകുമെന്നാണ് നിക്ഷേപ ഗവേഷണ കമ്പനിയായ ഗോൾഡ് മാൻ സാച്സ് വിലയിരുത്തുന്നത്.
ഗൾഫ് രാഷ്ട്രങ്ങളിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങളെ ഇറാൻ ആക്രമിച്ച് തുടങ്ങിയാൽ സ്ഥിതി രൂക്ഷമാകും. പ്രകൃതിവാതകത്തിന്റെ വിലയും ഉയർന്ന് തുടങ്ങിയിട്ടുണ്ട്. പ്രകൃതിവാതകത്തിന്റെ ലഭ്യതക്കുറവ് മുന്നിൽകണ്ട് ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ ഉപഭോഗം നിയന്ത്രിച്ച് തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

