ഒക്ടോബർ ഏഴ്: ഇസ്രായേൽ കള്ളം പൊളിച്ച് ഫോറൻസിക് തെളിവുകൾ
text_fieldsഗസ്സ: ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ഓപറേഷനിൽ വ്യാപക മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന ഇസ്രായേൽ അവകാശവാദം പൊളിക്കുന്ന ഫോറൻസിക് തെളിവുകൾ പുറത്തുവിട്ട് അൽ ജസീറ ചാനൽ അന്വേഷണ വിഭാഗം. ഹമാസ് പോരാളികൾ ബലാത്സംഗം, കുട്ടികളുടെ തലയറുക്കൽ, കൂട്ടക്കൊല എന്നിവ നടത്തിയെന്നായിരുന്നു ഇസ്രായേൽ പ്രചാരണം.
എന്നാൽ, കൊല്ലപ്പെട്ട ഹമാസ് പോരാളികളുടെ ഫോണുകൾ, ഹെഡ് കാമറകൾ, ഡാഷ് കാമറകൾ, സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവയിൽനിന്നുള്ള മണിക്കൂറുകൾ നീളുന്ന ദൃശ്യങ്ങൾ പരിശോധിച്ച അൽ ജസീറ ഐ യൂനിറ്റ് ആക്രമണത്തെ തുടർന്നുള്ള ദിവസങ്ങളിൽ പുറത്തുവന്ന പല കഥകളും തെറ്റാണെന്ന് കണ്ടെത്തി.
ഗസ്സ ആക്രമണത്തെ ന്യായീകരിക്കാൻ തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാർ ആവർത്തിച്ച് ഉപയോഗിച്ചത് ഇത്തരം കഥകളാണ്. കിബ്ബട്സ് ബീറിലെ വീട്ടിൽ എട്ട് കുഞ്ഞുങ്ങളെ ജീവനോടെ കത്തിച്ചെന്ന അവകാശവാദം തെറ്റാണെന്ന് ഐ യൂനിറ്റ് നിഗമനത്തിലെത്തി. വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ലെന്നും കെട്ടിടത്തിൽ ഇരച്ചുകയറിയ ഇസ്രായേൽ സൈന്യം 12 പേരെ കൊലപ്പെടുത്തിയെന്നും വിശകലനത്തിൽ കണ്ടെത്തി. ഇസ്രായേലി പൗരന്മാരെ പോലീസും സൈന്യവും കൊലപ്പെടുത്തിയതായി കരുതുന്ന നിരവധി സംഭവങ്ങളിൽ ഒന്നായിരുന്നു ഇത്.
റഫ ആക്രമണ പദ്ധതി: ആശങ്ക അറിയിച്ച് യൂറോപ്യൻ ഉച്ചകോടി
ബ്രസൽസ്: ഇസ്രായേലിന്റെ റഫ ആക്രമണ പദ്ധതിയിൽ ആശങ്കയറിയിച്ച് യൂറോപ്യൻ യൂനിയൻ ഉച്ചകോടി. യുക്രെയ്നായി ആയുധനിർമാണത്തിന് പുതിയ വഴികൾ തേടാനും ഗസ്സ യുദ്ധം ചർച്ചചെയ്യാനുമാണ് യൂറോപ്യൻ യൂനിയൻ നേതാക്കൾ വ്യാഴാഴ്ച ബ്രസൽസിൽ ഒത്തുകൂടിയത്.
റഫ ആക്രമണം മാനുഷികദുരന്തം പതിന്മടങ്ങ് വർധിപ്പിക്കുമെന്നും ഗസ്സയിലേക്ക് സഹായവസ്തുക്കൾ അയക്കുന്നത് തടയരുതെന്നും ആവശ്യപ്പെട്ട് ഉച്ചകോടിയിൽ പ്രമേയം അവതരിപ്പിക്കുമെന്ന് അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. രണ്ടുദിവസത്തെ ഉച്ചകോടിയിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സംബന്ധിക്കുന്നുണ്ട്. അതിനിടെ ഗസ്സയിലേക്ക് സഹായം വർധിപ്പിക്കുന്നത് ചർച്ചചെയ്യാൻ 36 രാജ്യങ്ങളുടെയും യു.എൻ ഏജൻസികളുടെയും പ്രതിനിധികൾ സൈപ്രസിൽ ഒത്തുകൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

