ട്രംപിന്റെ ഭരണത്തിൽ യു.എസിൽ നിയമമില്ലാതായിരിക്കുന്നു; ഇതിനെതിരെ ഡെമോക്രാറ്റുകൾ പൊരുതണം -ഒബാമ
text_fieldsവാഷിങ്ടൺ: ഡോണാൾഡ് ട്രംപിന്റെ ഭരണത്തിൽ യു.എസിൽ നിയമം ഇല്ലാത്ത സ്ഥിതിയാണെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാവും മുൻ പ്രസിഡന്റുമായ ബരാക് ഒബാമ. ഇതിനെതിരെ ഡെമോക്രാറ്റുകൾ പൊരുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിർജീനിയ, ന്യൂജേഴ്സ് സ്റ്റേറ്റുകളുടെ ഗവർണർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഒബാമയുടെ പ്രതികരണം.
നമ്മുടെ നയങ്ങൾ ഇപ്പോൾ കറുത്ത ഒരു സ്ഥലത്ത് എത്തിപ്പെട്ടിരിക്കുന്നു. അതിനെ നമുക്ക് നേരിടാൻ സാധിക്കണമെന്ന് ഒബാമ ആവശ്യപ്പെട്ടു. എവിടെ തുടങ്ങണമെന്ന് എനിക്കറിയില്ല. ഓരോ പുതിയ നിയമമില്ലായ്മക്കും അശ്രദ്ധക്കുമാണ് ഓരോ ദിവസവും വൈറ്റ് ഹൗസ് തുടക്കം കുറിക്കുന്നത് .ബിസിനസ് നേതാക്കൾ, നിയമസ്ഥാപനങ്ങൾ, യൂനിവേഴ്സിറ്റികൾ എന്നിവയെല്ലാം ട്രംപിന് മുന്നിൽ തലകുനിക്കുന്ന കാഴ്ച കണ്ടു. ഇത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും ഒബാമ പറഞ്ഞു.
നേരത്തെ യാതൊന്നും ചെയ്യാതെയാണ് ഒബാമക്ക് നൊബേൽ സമ്മാനം ലഭിച്ചതെന്ന് ട്രംപ് വിമർശിച്ചിരുന്നു. രാജ്യത്തെ നശിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത ഒബാമയ്ക്ക് അവര്‍ പുരസ്‌കാരം നല്‍കി. ഒബാമ ഒരു നല്ല പ്രസിഡന്റ് ആയിരുന്നില്ല, ട്രംപ് പറഞ്ഞിരുന്നു. താൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് അവകാശപ്പെട്ട ട്രംപ് ഒരു യുദ്ധം പോലും ഒബാമ അവസാനിപ്പിച്ചിട്ടില്ലെന്നും പറഞ്ഞു.
അതേസമയം, യു.എസിലെ ട്രംപ് ഭരണകൂടത്തിന്റെ അടച്ചുപൂട്ടൽ പ്രക്രിയ 31-ാം ദിവസത്തിലേക്ക് കടന്നതോടെ അമേരിക്കയിൽ വിമാനസർവീസിലടക്കം വലിയ പ്രതിസന്ധി നേരിടുകയാണ്. ഡെമോക്രാറ്റിക് പാർട്ടി അനുകൂലിച്ച് വോട്ട് ചെയ്യാത്തതിനാലാണ് യു.എസിലെ അടച്ചുപൂട്ടൽ നീളുന്നത്. മുൻ ഡെമോക്രാറ്റിക് ഭരണകാലത്ത് നിലവിലുണ്ടായിരുന്ന ജനപ്രിയ പദ്ധതികൾ ട്രംപ് റദ്ദാക്കിയതിനെ തുടർന്നാണ് യു.എസ് ഷട്ട്ഡൗണിലേക്ക് നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

