'ഇനി സമാധാനത്തിന്‍റെ സമയം'; ഇറാനെ ആക്രമിച്ചതിന് പിന്നാലെ ട്രംപ്
text_fieldsവാഷിങ്ടൺ ഡി.സി: ഇറാനെ ആക്രമിച്ചുകൊണ്ട് പശ്ചിമേഷ്യയെ വലിയ യുദ്ധത്തിലേക്ക് തള്ളിയിട്ടതിന് പിന്നാലെ 'ഇനി സമാധാനത്തിന്‍റെ സമയ'മെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ട്രംപ് ഇറാനെ യു.എസ് ആക്രമിച്ചത് പ്രഖ്യാപിച്ചത്.
'ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയടക്കം ഇറാന്‍റെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക വിജയകരമായ ആക്രമണം പൂർത്തിയാക്കിയിരിക്കുന്നു. എല്ലാ യുദ്ധവിമാനങ്ങളും ഇപ്പോൾ ഇറാൻ വ്യോമമേഖലക്ക് പുറത്താണ്. പ്രധാന ആണവ മേഖലയായ ഫോർഡോയിൽ വൻതോതിൽ ബോംബുകളാണ് വിക്ഷേപിച്ചത്. എല്ലാ വിമാനങ്ങളും സുരക്ഷിതമായി തിരികെ മടങ്ങുകയാണ്. അമേരിക്കൻ പോരാളികളെ അഭിനന്ദിക്കുന്നു. ലോകത്തിലെ മറ്റൊരു സൈനികശക്തിക്കും ഇത് ചെയ്യാൻ സാധ്യമല്ല. ഇനി സമാധാനത്തിന്‍റെ സമയമാണ്. ഈ വിഷയത്തിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചതിന് നന്ദി' -ട്രംപ് പോസ്റ്റിൽ പറഞ്ഞു.
ഇസ്രായേലിനൊപ്പം ചേർന്ന് യു.എസും ഇറാനെ ആക്രമിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം ലോകത്തെ ആശങ്കയിലാക്കുകയാണ്. ജൂൺ 13ന് ഇസ്രായേൽ ഇറാനിൽ ആക്രമണം ആരംഭിച്ച് 10ാം ദിവസമാണ് യു.എസും ആക്രമണത്തിൽ പങ്കാളിയാവുന്നത്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ഇസ്രായേലും കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണം നടത്തിയിരുന്നു.
അതേസമയം, ഇറാൻ ആണവായുധങ്ങൾ നിർമിക്കാൻ ശ്രമിക്കുന്നതായി കാണിക്കുന്ന ഒരു വിവരവും തങ്ങൾക്ക് ഇല്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ) ഡയറക്ടർ റഫേൽ മരിയാനോ ഗ്രോസി പറഞ്ഞിരുന്നത്. ഇറാൻ അണുബോംബ് നിർമാണത്തിന്‍റെ അന്തിമ ഘട്ടത്തിലാണെന്ന് ആരോപിച്ചാണ് ഇസ്രായേൽ ജൂൺ 13ന് ആക്രമണം ആരംഭിച്ചത്. ഇറാൻ ആണവ നിരായുധീകരണ മാനദണ്ഡങ്ങൾ ലംഘിച്ചതായി അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ തന്നെ വിലയിരുത്തലിന് പിന്നാലെയായിരുന്നു ഇത്.
ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇറാന്‍ ആണവായുധം നിർമിക്കുന്നില്ലെന്ന് ഐ.എ.ഇ.എക്ക് ഉറപ്പുവരുത്താന്‍ കഴിയുമെന്നും ആണവകേന്ദ്രങ്ങൾ ആക്രമിച്ചാൽ വൻ ദുരന്തമുണ്ടായേക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്. ഇതിനൊടുവിലാണ് യു.എസും ആണവ കേന്ദ്രങ്ങൾ ആക്രമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

