രാജകുടുംബത്തിൽ നിന്ന് മാത്രമല്ല, സ്വന്തം കുടുംബത്തിൽ നിന്നും മേഗൻ പ്രശ്നങ്ങൾ നേരിട്ടിരുന്നു
text_fieldsലണ്ടൻ: രാജകുടുംബത്തിൽ നിന്ന് മാത്രമല്ല, സ്വന്തം കുടുംബത്തിൽ നിന്നു തന്നെ മേഗൻ മാർക്കിൾ പ്രശ്നങ്ങൾ നേരിട്ടിരുന്നതായി വെളിപ്പെടുത്തൽ. മേഗനും ഭർത്താവ് ഹാരി രാജകുമാരനുമെതിരെ മേഗന്റെ സഹോദരി സാമന്ത മാർക്കിൾ നൽകിയ പരാതിയിലൂടെയാണ് ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ മേഗനും ഹാരിയും ഹാജരാകണമെന്ന് യു.എസ് കോടതി ആവശ്യപ്പെട്ടിരുന്നു.
മേഗന്റെ അർധസഹോദരിയാണ് സാമന്ത. 2021ൽ ഓപറ വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിനിടെ തന്റെ പിതാവിന്റെ കുടുംബത്തിൽ നിന്ന് ഒട്ടേറെ പ്രശ്നങ്ങൾ നേരിട്ടിരുന്നതായി മേഗൻ പറഞ്ഞിരുന്നു. എന്നാൽ അമ്മയുടെ കുടുംബാംഗങ്ങളിൽ നിന്ന് ഒരുപദ്രവവും ഉണ്ടായിട്ടില്ലെന്നും മേഗൻ വ്യക്തമാക്കുകയുണ്ടായി.
അഭിമുഖത്തിനിടെ തന്റെ പിതാവിന്റെ ഒരേയൊരു മകളാണ് താനെന്ന് മേഗൻ പറഞ്ഞിരുന്നു. തുടർന്നാണ് മേഗൻ മനപ്പൂർവം കള്ളം പറയുകയാണെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാരോപിച്ച് സാമന്ത പരാതി നൽകിയത്. 2018ൽ മേഗന്റെ വിവാഹത്തിന് തന്നെയോ തന്റെ സഹോദരനെയോ മേഗൻ വിളിച്ചിരുന്നില്ല എന്നും സാമന്ത മുമ്പ് ആരോപിച്ചിരുന്നു.
''2000 അപരിചിതരായ ആളുകളെയാണ് മേഗൻ കല്യാണത്തിനു വിളിച്ചത്. ഞങ്ങളുടെ അമ്മാവൻ, മേഗന്റെ അർധസഹോദരൻ, ഞാൻ, 30 വർഷമായുള്ള ഉറ്റസുഹൃത്ത്, അനന്തരവർ തുടങ്ങി ആരെയും കല്യാണത്തിനു വിളിച്ചില്ല. അടുപ്പമില്ലായ്മയല്ല നോക്കേണ്ടത്. കുടുംബം എന്നും കുടുംബം തന്നെയാണ്-എന്നും സാമന്ത പറയുകയുണ്ടായി.
മേഗനും പിതാവ് തോമസ് മാർക്കിളുമായുള്ള ബന്ധം മുമ്പേ തന്നെ തകർന്നതാണ്. പാപ്പരാസികളുമായി ചേർന്ന് പിതാവ് തന്നെ തകർക്കാൻ ശ്രമിച്ചുവെന്നാണ് ഒരിക്കൽ മേഗൻ പറഞ്ഞത്. സാമന്ത മേഗനെതിരെ കേസു കൊടുക്കുകയാണെങ്കിൽ താൻ സന്തോഷിക്കുമെന്നും കഴിഞ്ഞ വർഷം തോമസ് പറയുകയുണ്ടായി.
എന്റെ മകളെയും അവളുടെ 'ഇഞ്ചി' ഭർത്താവിനെയും ഒരു കോടതിമുറിയിൽ മുഖാമുഖം കാണാൻ ഞാൻ ഏകദേശം നാല് വർഷമായി ശ്രമിക്കുകയാണെന്നാണ് തോമസ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

