ഉത്തരകൊറിയയെ സംബന്ധിച്ചുള്ള എന്ത് വാർത്തയും ലോകത്തിന് കൗതുകമുളവാക്കുന്നതാണ്. അവരുടെ പ്രസിഡൻറ് കിം ജോങ് ഉന്നിനെകുറിച്ചുള്ളതാണെങ്കിൽ പ്രത്യേകിച്ചും. നിലവിൽ പ്രചരിക്കുന്ന വാർത്തകളിലൊന്ന് കിം ജോങ് ഉന്നിെൻറ ശരീരഭാരം അസാധാരണമാംവിധം അടുത്തകാലത്ത് കുറഞ്ഞു എന്നതാണ്. സാധാരണഗതിയിൽ തടിച്ചുരുണ്ടിരിക്കുന്ന കിമ്മിെൻറ ഏറ്റവും പുതിയ ചില ചിത്രങ്ങളിൽ അൽപ്പം മെലിഞ്ഞതായി തോന്നുകയും ചെയ്തതോടെ ലോക മാധ്യമങ്ങളിൽ ഇതേകുറിച്ചുള്ള നിറംപിടിപ്പിച്ച കഥകൾ പ്രചരിക്കുകയാണ്.
ശരീരഭാരം കുറച്ചതാണോ കുറഞ്ഞതാണോ എന്നതാണ് ചർച്ചകളിലെ കേന്ദ്രബിന്ദു. ഇതിനിടെ കൊറിയൻ തലസ്ഥാനമായ പ്യോങ്യാങിൽ നിന്നുള്ള അജ്ഞാതെൻറ വിലാപവും പുറത്തുവന്നിട്ടുണ്ട്. തങ്ങളുടെ നേതാവിെൻറ ആരോഗ്യസ്ഥിതി ഒാർത്ത് വിലപിക്കുന്ന ആളുടെ ദൃശ്യങ്ങൾ ഉത്തര കൊറിയൻ ചാനൽ തന്നെയാണ് പുറത്തുവിട്ടത്. രാജ്യത്തിെൻറ കർശന നിയന്ത്രണത്തിലുള്ള മാധ്യമങ്ങളിൽ വീഡിയോ ദൃശ്യങ്ങൾ കണ്ട ശേഷമാണ് പൗരെൻറ വിലാപം. 37 കാരനായ കിമ്മിെൻറ ഭാരം കുറയുന്നുവെന്ന് ജൂൺ ആദ്യംമുതൽ പലരും അഭിപ്രായപ്പെട്ടിരുന്നു.
'ബഹുമാനപ്പെട്ട ജനറൽ സെക്രട്ടറി കിം ജോങ് ഉന്നിനെ ഇപ്രകാരം കാണുന്നത് ജനങ്ങളുടെ ഹൃദയത്തെ വളരെയധികം വേദനിപ്പിക്കുന്നതാണ്'-വെള്ളിയാഴ്ച സംസ്ഥാന ബ്രോഡ്കാസ്റ്റർ കെആർടി സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ ഒരാൾ പറഞ്ഞു. 'എല്ലാവരും വളരെയേറെ ദുഖത്തിലാണ്'-അദ്ദേഹം പറഞ്ഞു. വീഡിയോയിൽ പ്യോങ്‌യാങ് നിവാസികൾ തെരുവിൽ ഒരു വലിയ സ്‌ക്രീൻ കാണുന്നതായും അതിൽ വർക്കേഴ്‌സ് പാർട്ടി ഓഫ് കൊറിയയുടെ പ്ലീനറി യോഗത്തിന് ശേഷം കിമ്മും പാർട്ടി ഉദ്യോഗസ്ഥരും ഒരുമിച്ച് നിൽക്കുന്നതും കാണുന്നുണ്ട്.
ശരീരഭാരം കുറയ്ക്കാൻ കാരണമായ കാര്യങ്ങളെക്കുറിച്ച് വീഡിയോ പ്രക്ഷേപണം ചെയ്ത ചാനലും ഒരു വിവരവും നൽകിയിട്ടില്ല.ഒരു മാസത്തോളം കിമ്മിനെ പരസ്യമായി കാണാത്തതും അഭ്യൂഹങ്ങൾ ശക്തമാക്കാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷം ആദ്യം ഏപ്രിൽ 15 ന് രാജ്യ സ്ഥാപകൻ കിം ഇൽ സങിെൻറ ജന്മവാർഷികാഘോഷത്തിലും മകനായ കിം ജോങ് ഉൻ പെങ്കടുത്തിരുന്നില്ല.