മൂന്നാം ചാര ഉപഗ്രഹ വിക്ഷേപണത്തിന് ഉത്തര കൊറിയ; മുന്നറിയിപ്പുമായി ജപ്പാൻ
text_fieldsപ്യോങ് യാങ്: അതിർത്തി സംഘർഷം രൂക്ഷമായി തുടരുന്ന കൊറിയകളെ വീണ്ടും മുനയിൽനിർത്തി ചാര ഉപഗ്രഹ വിവാദം. മൂന്നാം ചാര ഉപഗ്രഹ വിക്ഷേപണം ഉത്തര കൊറിയ ഉടൻ നടത്തുമെന്നാണ് മുന്നറിയിപ്പ്. ഇത് യു.എൻ ചട്ടങ്ങൾക്കെതിരാണെന്നും പിന്മാറണമെന്നും ജപ്പാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നവംബർ 30നകം ഏതുദിവസവും വിക്ഷേപണം നടത്തുമെന്നാണ് സൂചന. നേരത്തെ രണ്ടുതവണ ചാര ഉപഗ്രഹം ബഹിരാകാശത്തെത്തിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയമായിരുന്നു. ഇത്തവണയും പരാജയമായാൽ പതിക്കാവുന്ന കടലിലെ മേഖലകൾ സംബന്ധിച്ച വിവരമാണ് ഉത്തര കൊറിയ അയൽരാജ്യത്തിന് കൈമാറിയത്.
എന്നാൽ, വീണ്ടും ചാര ഉപഗ്രഹ വിക്ഷേപണവുമായി ഉത്തര കൊറിയ മുന്നോട്ടുപോയാൽ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് ദക്ഷിണ കൊറിയ മുന്നറിയിപ്പ് നൽകി. അയൽരാജ്യങ്ങളുമായി ശത്രുത നിലനിൽക്കുന്നതിനാൽ ഏതുസമയവും ആക്രമണ സാധ്യത മുൻനിർത്തിയാണ് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ ചാര ഉപഗ്രഹ വിക്ഷേപണത്തിന് ഏറെയായി ശ്രമങ്ങൾ തുടരുന്നത്.
എന്നാൽ, ഉത്തര കൊറിയക്കുമേൽ യു.എൻ ഉപഗ്രഹ വിക്ഷേപണ വിലക്ക് നിലനിൽക്കുന്നുണ്ട്. മിസൈൽ സാങ്കേതികത വികസിപ്പിക്കുമെന്ന കാരണം നിരത്തിയാണ് ഉത്തര കൊറിയക്ക് പ്രത്യേക വിലക്ക്. കഴിഞ്ഞ മേയിൽ ആദ്യ വിക്ഷേപണം നടത്തിയെങ്കിലും ഇതിന്റെ അവശിഷ്ടങ്ങളിൽ സൈനിക സാധ്യതകൾ കണ്ടെത്താനായില്ലെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റിലാണ് രണ്ടാമത്തെ ശ്രമം നടത്തിയത്. സെപ്റ്റംബറിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ചയിൽ ഉപഗ്രഹ നിർമാണ സാങ്കേതികത കൈമാറാമെന്ന് നിർദേശമുണ്ടായിരുന്നു. ഇതിന്റെ വിശദാംശങ്ങൾ പുറത്തെത്തിയിട്ടില്ല.
അതേസമയം, നവംബർ അവസാനത്തോടെ തങ്ങളും ചാര ഉപഗ്രഹം വിക്ഷേപിക്കുകയാണെന്ന് ദക്ഷിണ കൊറിയ അറിയിച്ചിട്ടുണ്ട്. യു.എസ് കമ്പനിയായ സ്പേസ് എക്സാകും ദക്ഷിണ കൊറിയൻ ഉപഗ്രഹം വിക്ഷേപിക്കുക. 2025നകം അഞ്ച് ചാര ഉപഗ്രഹങ്ങളാണ് രാജ്യം ലക്ഷ്യമിടുന്നത്.