Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ലസ്റ്റർ ബോംബിന് പിന്നാലെ പുതിയ ക്രൂയിസ് മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ

text_fields
bookmark_border
ക്ലസ്റ്റർ ബോംബിന് പിന്നാലെ പുതിയ ക്രൂയിസ് മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ
cancel

സിയോൾ: ക്ലസ്റ്റർ ബോംബ് പരീക്ഷണത്തിന് പിന്നാലെ തന്ത്രപ്രധാന ക്രൂയിസ് മിസൈലും പരീക്ഷിച്ച് ഉത്തരകൊറിയ. അഞ്ച് മുതൽ ആറ് ഹെക്ടറോളം പ്രദേശത്ത് നാശം വിതക്കാൻ ശേഷിയുള്ള യുദ്ധമുന ഘടിപ്പിച്ച മിസൈൽ പരീക്ഷിച്ചുവെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം. തുടർച്ചയായ ആയുധപരീക്ഷണങ്ങളിലൂടെ സൈനികശേഷി വർധിപ്പിക്കാനുള്ള നീക്കത്തിലാണ് രാജ്യം.

തിങ്കളാഴ്ച നടത്തിയ പരീക്ഷണത്തിന്റെ വിവരങ്ങൾ ചൊവ്വാഴ്ചയാണ് ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ പുറത്തുവിട്ടത്. കൊറിയൻ ഉപദ്വീപിൽ ദക്ഷിണ കൊറിയയുമായുള്ള സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ഉത്തരകൊറിയയുടെ പുതിയ ആയുധപരീക്ഷണം.

പരമാവധി സ്ഫോടനശേഷി ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്ത് വലിയ തോതിൽ നാശനഷ്ടമുണ്ടാക്കാൻ മിസൈലിലുള്ള ഈ യുദ്ധമുനക്ക് കഴിയുമെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം. ലക്ഷ്യമിടുന്ന പ്രദേശത്തിന്റെ പ്രകൃതിദത്തവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകൾ പരിഗണിച്ച് ആക്രമണം നടത്താൻ കഴിയുന്ന തരത്തിലാണ് മിസൈലിന്റെ സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെടുത്തിയതെന്നും അധികൃതർ വ്യക്തമാക്കി.

പരീക്ഷണത്തിന് വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ കേന്ദ്ര സൈനിക കമ്മീഷൻ അംഗവും കേന്ദ്ര കമ്മിറ്റിയിലെ ഒന്നാം വൈസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറുമായ ജനറൽ കിം ജോങ് സിക് ആണ് നേതൃത്വം നൽകിയത്. പുതിയ പരീക്ഷണങ്ങൾ രാജ്യത്തിന്റെ പ്രായോഗിക യുദ്ധശേഷി തെളിയിക്കുന്നതാണെന്ന് കിം ജോങ് സിക് അവകാശപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ചയും ക്ലസ്റ്റർ ബോംബ് ഘടിപ്പിക്കാവുന്ന തന്ത്രപ്രധാന ബാലിസ്റ്റിക് മിസൈൽ പരീക്ഷണം ഉത്തരകൊറിയ നടത്തിയിരുന്നു. അന്ന് പരീക്ഷിച്ച ക്ലസ്റ്റർ ബോംബിന് 12 മുതൽ 13 ഹെക്ടർ വരെ പ്രദേശത്ത് നാശം വിതക്കാൻ ശേഷിയുണ്ടെന്നാണ് ഉത്തരകൊറിയ അവകാശപ്പെട്ടത്. വിവിധ ലക്ഷ്യങ്ങൾക്കും സൈനിക ആവശ്യങ്ങൾക്കും അനുസരിച്ചുള്ള നാല് വിഭാഗം ക്ലസ്റ്റർ യുദ്ധമുനകൾ വികസിപ്പിക്കുകയാണെന്നും ഈ വർഷം അവസാനത്തോടെ അവ സൈനിക യൂണിറ്റുകൾക്ക് ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഉത്തരകൊറിയയുടെ പുതിയ ക്രൂസ് മിസൈൽ പരീക്ഷണത്തെക്കുറിച്ച് ദക്ഷിണ കൊറിയ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. ഉത്തരകൊറിയയുടെ ആയുധപരീക്ഷണങ്ങളുടെ സവിശേഷതകളും ശേഷിയും സംബന്ധിച്ച് അമേരിക്കയുമായി ചേർന്ന് വിശദമായ പരിശോധന നടത്തിവരികയാണെന്ന് ദക്ഷിണ കൊറിയൻ സൈനികമേധാവി അറിയിച്ചു. ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളിൽനിന്ന് വ്യത്യസ്തമായി ഉത്തരകൊറിയയുടെ ക്രൂസ് മിസൈൽ പരീക്ഷണങ്ങൾക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ഉപരോധം ബാധകമല്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കൊറിയൻ അതിർത്തിയിൽ ഉണ്ടായ മൈൻ അപകടത്തിൽ മൂന്ന് ദക്ഷിണ കൊറിയൻ സൈനികർക്ക് പരിക്കേറ്റതിനു പിന്നാലെയാണ് പുതിയ ആയുധപരീക്ഷണങ്ങൾ. സൈനിക സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ ഉത്തരകൊറിയ തുടർച്ചയായി ആയുധശേഷി പ്രദർശിപ്പിക്കുന്നത് രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pyongyang Conducts New Missile Test
Next Story