ഉത്തര കൊറിയ കപ്പൽ അപകടം: പാർട്ടി നേതാവും അറസ്റ്റിൽ
text_fieldsസോൾ: ഉദ്ഘാടന ചടങ്ങിനിടെ യുദ്ധക്കപ്പൽ മുങ്ങിയ സംഭവത്തിൽ ഭരണകക്ഷി പ്രമുഖൻ അടക്കം നാല് പേരെ അറസ്റ്റ് ചെയ്ത് ഉത്തര കൊറിയ. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ യുദ്ധോപകരണ വ്യവസായ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ റി ഹ്യോങ് സൻ അടക്കമുള്ളവരാണ് അറസ്റ്റിലായത്. പാർട്ടിയുടെ സെൻട്രൽ മിലിട്ടറി കമീഷന്റെ ഭാഗം കൂടിയായ റി ഹ്യോങ്ങാണ് സംഭവത്തിൽ അറസ്റ്റിലാവുന്ന ഉന്നത പദവി വഹിക്കുന്ന ഏക വ്യക്തി.
ഉത്തര കൊറിയയുടെ സൈനിക നയങ്ങൾ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും സെൻട്രൽ മിലിട്ടറി കമീഷനാണ്. കപ്പൽ നിർമിച്ച ഉത്തര ചോങ്ജിൻ ഷിപ്യാഡിലെ മുഖ്യ എൻജിനീയറെയും നിർമാണ തലവനെയും അഡ്മിനിസ്ട്രേറ്റിവ് മാനേജറെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ ഏറ്റവും പ്രധാന ഉത്തരവാദി യുദ്ധോപകരണ വ്യവസായ വകുപ്പാണെന്ന് ചൂണ്ടിക്കാട്ടിയാണ് റി ഹ്യോങ്ങിനെ അറസ്റ്റ് ചെയ്തതെന്ന് ഉത്തര കൊറിയൻ വാർത്ത ഏജൻസിയായ കെ.സി.എൻ.എ അറിയിച്ചു. വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിൽ കപ്പലിന്റെ അറ്റകുറ്റപ്പണി നടത്തുകയാണെന്നും കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ചയാണ് രാജ്യത്തെ നാണം കെടുത്തിയ കപ്പൽ അപകടമുണ്ടായത്. 5,000 ടൺ ഭാരമുള്ള കപ്പൽ മറിഞ്ഞുവീണ് പുറംചട്ടക്ക് കേടുപാടുകൾ സംഭവിക്കുകയായിരുന്നു. രാജ്യത്തിന്റെ അന്തസ്സിനും അഭിമാനത്തിനും ഗുരുതര ക്ഷതമേറ്റ ക്രിമിനൽ കുറ്റമാണിതെന്നായിരുന്നു രാഷ്ട്രത്തലവനായ കിം ജോങ് ഉന്നിന്റെ വിമർശനം. സംഭവം അശ്രദ്ധയുടെയും ഉത്തരവാദ രാഹിത്യത്തിന്റെയും ഫലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

