ഉത്തരകൊറിയയിൽ കോവിഡ് വ്യാപനം; മരണം 42
text_fieldsപ്യോങ് യാങ്: ഉത്തര കൊറിയയിൽ കോവിഡ് വ്യാപിക്കുന്നു. മൂന്നു ദിവസത്തിനിടെ രാജ്യത്ത് 8,20,620 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച പനി ബാധിച്ച് 15 പേർ കൂടി മരിച്ചു. ഇതോടെ മൂന്നു ദിവസത്തിനിടെ രാജ്യത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി. എന്നാൽ, മരണങ്ങൾ കോവിഡ് മൂലമാണെന്ന് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കിയിട്ടില്ല. 3,24,550 പേർ കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നും സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
രണ്ടു വർഷത്തിനിടയിൽ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യാത്ത രാജ്യമാണ് ഉത്തരകൊറിയ. രാജ്യത്തെ എല്ലാ പ്രവിശ്യകളും നഗരങ്ങളും സമ്പൂർണ ലോക്ഡൗണിലാണ്. ഉൽപാദന കേന്ദ്രങ്ങളും ഫാക്ടറികളും അനിശ്ചിതമായി അടച്ചുപൂട്ടി.
വ്യാപനം നിയന്ത്രിക്കാനായി ക്വാറന്റീൻ സംവിധാനങ്ങൾ കർശനമാക്കിയിട്ടും രാജ്യത്ത് അതിവേഗത്തിലാണ് രോഗം പടർന്നുപിടിക്കുന്നത്.