ഉത്തര കൊറിയ മൂന്ന് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു
text_fieldsസോൾ: ഉത്തര കൊറിയ ശനിയാഴ്ച രാവിലെ മൂന്ന് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. കൊറിയൻ മേഖലയിൽ സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് ഉത്തര കൊറിയയുടെ തുടർച്ചയായ ആയുധപരീക്ഷണം. സോളിഡ് പ്രൊപലന്റ് ബഹിരാകാശ വിക്ഷേപണ വാഹനം വിജയകരമായി പരീക്ഷിച്ചതായി ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം.
15,000 കി.മീറ്റർ ദൂരപരിധിയുള്ളത് ഉൾപ്പെടെ ഉത്തര കൊറിയ ഈ വര്‍ഷം എഴുപതോളം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തു. കഴിഞ്ഞദിവസം ഉത്തര കൊറിയൻ ഡ്രോണുകൾ ദക്ഷിണ കൊറിയൻ അതിർത്തിയിലേക്ക് കടന്നുകയറിയതായി ആരോപണമുണ്ടായിരുന്നു.
ഇരുപക്ഷവും അതിർത്തിയിൽ സൈനികവിന്യാസം ശക്തമാക്കിയത് മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും സംയുക്ത സൈനികാഭ്യാസം നടത്തിയതാണ് ഉത്തര കൊറിയയെ പ്രകോപിപ്പിച്ചത്.

