ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു
text_fieldsസോൾ: ഉത്തര കൊറിയ അന്തർവാഹിനിയിൽനിന്ന് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ. കിഴക്കൻ തുറമുഖ നഗരമായ സിൻപോയിലായിരുന്നു മിസൈൽ പരീക്ഷിച്ചതെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി.
600 കി.മി സഞ്ചരിക്കാൻ ശേഷിയുള്ളതാണ് മിസൈൽ എന്നാണ് കരുതുന്നത്. ഏത് അന്തർവാഹിനിയിലായിരുന്നു മിസൈലിന്റെ പരീക്ഷണമെന്ന വിവരം ദക്ഷിണ കൊറിയ പുറത്തുവിട്ടിട്ടില്ല. മിസൈൽ പരീക്ഷണത്തെ യു.എസ്, ദക്ഷിണ കൊറിയ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരുകയാണ്.
യു.എൻ രക്ഷാസമിതി പ്രമേയം ലംഘിച്ചാണ് ഉത്തര കൊറിയ പരീക്ഷണം തുടരുന്നതെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു. പരീക്ഷണത്തെ തുടർന്ന് ദക്ഷിണ കൊറിയ അടിയന്തര സുരക്ഷ യോഗം ചേർന്നു.
മിസൈൽ പരീക്ഷണം ജപ്പാനും അപലപിച്ചു. ഈ വർഷം ഉത്തര കൊറിയ പരീക്ഷിക്കുന്ന 15ാമത്തെ മിസൈൽ ആണിത്. 2017 ലാണ് അവർ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയത്.

