ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കാണുന്നവരെ വധശിക്ഷക്ക് വിധേയമാക്കുന്നതിൽ വർധനയെന്ന് യു.എൻ റിപ്പോർട്ട്
text_fieldsകിം ജോങ് ഉൻ
ഉത്തര കൊറിയ: മറ്റ് രാജ്യങ്ങളിലെ പടങ്ങളും ടെലിവിഷൻ പരിപാടികളും പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തര കൊറിയൻ ജനങ്ങളെ വധശിക്ഷക്ക് വിധിക്കുന്നതായി യു.എൻ.റിപ്പോർട്ട്. കൊറിയയിലെ ജനങ്ങളെ കൂട്ടിലടച്ച് ഭരിക്കുകയാണ് കിം ജോങ് ഉന്നെന്ന് റിപ്പോർട്ട് ആരോപിച്ചു. ഏഴ് പതിറ്റാണ്ടിലേറെയായി അടിച്ചമർത്തലുകൾക്കും ഭയത്തിനും അടിമപ്പെട്ടാണ് കൊറിയൻ ജനത ജീവിക്കുന്നത്. ഇത്തരത്തിലുള്ള വിലക്കുകൾ ഇതുവരെ മറ്റൊരു രാജ്യത്തിനും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
കൊറിയയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയ 300 ലധികം പേരുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് യു.എൻ റിപ്പോർട്ട് തയ്യാറാക്കിയത്. അടിച്ചമർത്തലിലൂടെ ജനങ്ങളുടെ കണ്ണും കാതും അടച്ച് പിടിക്കുകയാണവർ ചെയ്യുന്നതെന്നും പരാതികളോ അതൃപ്തികളോ ഒന്നും ഉയർന്നു വരാതിരിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണിതെല്ലാമെന്നും രക്ഷപ്പെട്ട അഭയാർഥി പറഞ്ഞു.
കോവിഡ് കാലത്തെ നിയന്ത്രണങ്ങൾക്ക് ശേഷം സാധാരണ കുറ്റകൃത്യങ്ങൾക്കും രാഷ്ട്രീയ കുറ്റകൃത്യങ്ങൾക്കുമുള്ള വധശിക്ഷകൾ വർധിച്ചുവെന്ന് ജെയിംസ് ഹീനൻ ജനീവയിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസിലെ ഉത്തര കൊറിയൻ വിഭാഗം മേധാവിയാണ് ജെയിംസ് ഹീനൻ.
ദക്ഷിണ കൊറിയയിൽ നിന്നുള്ള പ്രശസ്തമായ കെ-ഡ്രാമകൾ ഉൾപ്പെടെയുള്ള വിദേശ ടിവി പരമ്പരകൾ വിതരണം ചെയ്യുന്നതിന് പുതിയ നിയമങ്ങൾ അനുസരിച്ച് വധശിക്ഷ ലഭിച്ചേക്കാം. ഇത്തരത്തിൽ എത്രപേർക്ക് വധശിക്ഷ നടപ്പാക്കിയെന്നതിനെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സാങ്കേതിക വിദ്യയുടെ മേലുള്ള ‘വൻതോതിലുള്ള നിരീക്ഷണ’ സംവിധാനങ്ങൾ ഇത്തരം അടിച്ചമർത്തലിന് കാരണമാകുന്നുണ്ട്. ഇത് കഴിഞ്ഞ 10 വർഷമായി പൗരന്മാരുടെ ‘ജീവിതത്തിന്റെ എല്ലാ തലങ്ങളും നിയന്ത്രിക്കുന്നതിന് കാരണമായെന്നും റിപ്പോർട്ട് പറയുന്നു.
കൽക്കരി ഖനനം, നിർമ്മാണം തുടങ്ങിയ ദുർഘടമായ മേഖലകളിൽ കുട്ടികളെ ‘ഷോക്ക് ബ്രിഗേഡുകൾ’ എന്ന പേരിൽ നിർബന്ധിതമായി പണിയെടുപ്പിക്കുന്നുണ്ടെന്നും ഹീനൻ റിപ്പോർട്ട് ചെയ്തു. ഇവരിൽ അധികം പേരും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരാണ്. കാരണം അവർക്ക് കൈക്കൂലി കൊടുത്ത് രക്ഷപ്പെടാൻ കഴിയില്ല. കൂടാതെ ഈ ഷോക്ക് ബ്രിഗേഡുകൾക്ക് അപകടകരവും ദുഷ്കരവുമായ ജോലികളാണ് പലപ്പോഴും ചെയ്യേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ നിർബന്ധിത തൊഴിൽ ചെയ്യുന്ന ചില സാഹചര്യങ്ങൾ അടിമത്തത്തിന് തുല്യമായി കണക്കാക്കുമെന്നും ഇത് മാനവികതയ്ക്കെതിരായ കുറ്റകൃത്യമായിരിക്കുമെന്നും കഴിഞ്ഞ വർഷം ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടിയിരുന്നു.
ബലാത്സംഗം, പീഡനം,വധശിക്ഷ, എന്നീ കാരണങ്ങളാൽ 80,000 നും 1,20,000 നും ഇടയിൽ ആളുകളെയാണ് തടങ്കൽപ്പാളയങ്ങളിൽ പാർപ്പിച്ചിരിക്കുന്നത്. ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് ഒരു പതിറ്റാണ്ടിന് ശേഷമാണ് പുറത്തുവരുന്നത്.പുതിയ റിപ്പോർട്ടിൽ 2014 മുതലുള്ള കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അടിച്ചമർത്തലിനുള്ള നിയമപരമായ ഒരു ചട്ടക്കൂട് നൽകിക്കൊണ്ട് പുതിയ നിയമങ്ങളും, നയങ്ങളും, നടപടിക്രമങ്ങളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ(ഡി.പി.ആർ.കെ) നിലവിലെ പാത തുടരുകയാണെങ്കിൽ അവിടുത്തെ ജനങ്ങൾ കൂടുതൽ ദുരിതങ്ങൾക്കും, ക്രൂരമായ അടിച്ചമർത്തലുകൾക്കും, ഭയത്തിനും വിധേയരാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പ്രസ്താവിച്ചു. യു.എൻ പുറത്തുവിട്ട റിപ്പോർട്ടിനെക്കുറിച്ച് ഉത്തര കൊറിയയുടെ ജനീവയിലെ നയതന്ത്ര കാര്യാലയവും ലണ്ടനിലെ എംബസിയും പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

