‘സംഘർഷങ്ങൾ സ്വാഭാവികം, പക്ഷേ ചൈനയും യു.എസും സുഹൃത്തുക്കളാകണം’; സഹകരണത്തിന് തയാറെന്ന് ഷീ ജിൻപിങ്
text_fieldsഡോണൾഡ് ട്രംപും ഷീ ജിൻപിങ്ങും
ബുസാൻ (ദക്ഷിണ കൊറിയ): ചൈനയുടെ പുരോഗതി ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള ദർശനവുമായി കൈകോർക്കുന്നു’വെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് പറഞ്ഞു, ദക്ഷിണ കൊറിയയിലെ ബുസാനിൽ ഇരു നേതാക്കളും ഉന്നതതല ചർച്ചകൾക്കായി കൂടിക്കാഴ്ച നടത്തവേയാണ് ചൈനീസ് പ്രസിഡന്‍റ് അനുനയ സ്വരവുമായി രംഗത്തെത്തിയത്.
കൂടിക്കാഴ്ച ‘വലിയ സന്തോഷം’ നൽകുന്നതാണെന്നും ട്രംപുമായി വർഷങ്ങളായുള്ള പരിചയമാണെന്നും ഷീ ജിൻപിങ് പറഞ്ഞു. “പ്രസിഡന്റ് ട്രംപിനെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. താങ്കൾ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം, നമ്മൾ മൂന്ന് തവണ ഫോണിൽ സംസാരിച്ചു. നിരവധി കത്തുകൾ കൈമാറി. ചൈന-യുഎസ് ബന്ധം സുസ്ഥിരമായി തുടരുന്നു. ചൈനയും അമേരിക്കയും എപ്പോഴും നേരിട്ട് കാണാറില്ല എന്നത് സ്വാഭാവികമാണ്. വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകുന്നതും സാധാരണമാണ്. നമ്മൾ അവ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം” -ഷീ പറഞ്ഞു.
സാമ്പത്തിക ബന്ധങ്ങൾ സുസ്ഥിരമാക്കുന്നതിൽ ഇരുപക്ഷവും പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും കൂടിക്കാഴ്ചയിൽ ഷീ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളെ നയിക്കുന്നവരെന്ന നിലയിൽ താനും ട്രംപും ഉഭയകക്ഷി ബന്ധങ്ങളുടെ ദിശയെ നയിക്കണം. വ്യാപാര ചർച്ചകൾ സമവായത്തിലെത്തി. ഇരു രാജ്യങ്ങളും പങ്കാളികളും സുഹൃത്തുക്കളും ആയിരിക്കണം. പുരോഗതിക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കണം. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ബന്ധത്തിന് ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിന് യു.എസിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയാറാണെന്നും ചൈനീസ് പ്രസിഡന്‍റ് വ്യക്തമാക്കി.
ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ട്രംപ് നൽകിയ ‘മഹത്തായ സംഭാവന’യെ ഷീ അഭിനന്ദിച്ചു. ട്രംപിന്‍റെ നേതൃത്വത്തിൽ നടക്കുന്ന മറ്റ് സമാധാന ചർച്ചകളെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസിന്റെയും റഷ്യയുടെയും പുതുക്കിയ ആണവ നിലപാട് മുതൽ ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വം വരെ, വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് ഷീ-ട്രംപ് കൂടിക്കാഴ്ച. ഇരു നേതാക്കളും സമവായത്തിലെത്തിയാൽ അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥക്ക് നേട്ടമായേക്കും. ചൈനക്കുമേൽ ഏർപ്പെടുത്തിയ തരിഫിലും ട്രംപ് ഭരണകൂടം ഇളവു വരുത്തിയിട്ടുണ്ട്. ചർച്ചയെ പോസിറ്റിവായി സമീപിക്കുമെന്നാണ് ബുസാനിൽ എത്തിയതിനു പിന്നാലെ ട്രംപ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

