നോർഡിക് രാജ്യങ്ങൾ സംയുക്ത സേനയുണ്ടാക്കും; റഷ്യൻ ഭീഷണി നേരിടുക ലക്ഷ്യം
text_fieldsസ്റ്റോക്ഹോം: റഷ്യൻ ഭീഷണി നേരിടാൻ സംയുക്ത പ്രതിരോധ മുന്നണിയൊരുക്കാൻ നോർഡിക് രാജ്യങ്ങളായ സ്വീഡൻ, ഫിൻലൻഡ്, നോർവേ, ഡെന്മാർക് എന്നിവ ധാരണയിലെത്തി. ഡാനിഷ് വ്യോമസേന കമാൻഡറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചതിനെ തുടർന്നാണ് ഇത്തരമൊരു ആലോചന ഉടലെടുത്തത്.
നോർവേക്ക് 57 എഫ് 16 യുദ്ധവിമാനങ്ങളും 37 എഫ് 35 വിമാനങ്ങളുമുണ്ട്. ഫിൻലൻഡിന് 62 എഫ്.എ 18 ജെറ്റുകളും 64 എഫ് 35 ജെറ്റുകളും ഡെന്മാർക്കിന് 58 എഫ് 16 വിമാനവും 27 എഫ് 35 വിമാനവുമുണ്ട്. സ്വീഡന് 90ലേറെ ഗ്രിപെൻ ജെറ്റുകളുണ്ട്. തങ്ങൾ ഒരുമിച്ചാൽ ഒരു വലിയ യൂറോപ്യൻ രാജ്യത്തിന്റെ കരുത്ത് ലഭിക്കുമെന്ന് ഡാനിഷ് വ്യോമസേന കമാൻഡർ മേജർ ജനറൽ ജാൻ ഡാം റോയിട്ടേഴ്സിനോട് പറഞ്ഞു.
വ്യോമാതിർത്തി നിരീക്ഷണം സംയോജിതമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാറ്റോയുടെ കീഴിൽ വിവിധ രാജ്യങ്ങൾ പ്രതിരോധ രംഗത്ത് സഹകരിച്ച് പ്രവർത്തിക്കുന്ന രീതി അവലംബിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞയാഴ്ച ജർമനിയിലെ റംസ്റ്റെയ്ൻ എയർ ബേസിൽ നടന്ന യോഗത്തിൽ നാറ്റോ എയർ കമാൻഡ് ചീഫ് ജനറൽ ജയിംസ് ഹെക്കർ പങ്കെടുത്തിരുന്നു. സ്വീഡനും ഫിൻലൻഡും കഴിഞ്ഞ വർഷം നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചിരുന്നു. ഹംഗറിയുടെയും തുർക്കിയയുടെയും എതിർപ്പാണ് തടസ്സം.