‘എട്ട് മാസത്തിനിടെ എട്ട് യുദ്ധം അവസാനിപ്പിച്ചു, കോടിക്കണക്കിന് ജീവൻ രക്ഷിച്ചു; ഒന്നും ചെയ്യാതെ ഒബാമക്ക് നൊബേൽ കൊടുത്തു’
text_fieldsഡോണൾഡ് ട്രംപ്
ന്യൂയോർക്ക്: മറ്റാർക്കും ചെയ്യാനാകാത്ത വിധത്തിൽ, ലോകത്തിലെ പല യുദ്ധങ്ങളും താൻ അവസാനിപ്പിച്ചുവെന്നും താൻ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാണെന്നും ആവർത്തിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. സമാധാനത്തിനുള്ള നൊബേിന് തന്‍റെയത്ര യോഗ്യതയുള്ള മാറ്റാരും ചരിത്രത്തിൽ ഉണ്ടായിട്ടില്ല. യുദ്ധങ്ങൾ അവസാനിപ്പിച്ച മറ്റാരുമില്ല. തന്‍റെ ഭരണകാലത്ത് ഇടപെട്ടതുപോലെ യുദ്ധം അവസാനിപ്പിക്കാൻ വേരെയാരും മുന്നിട്ടിറങ്ങിയിട്ടില്ല. മുൻ പ്രസിഡന്‍റ് ബരാക് ഒബാമക്ക് ഒന്നും ചെയ്യാതിരുന്നിട്ട് സമാധാനത്തിനുള്ള നൊബേൽ ലഭിച്ചു. എന്നാൽ അത് എന്തുകൊണ്ട് ലഭിച്ചെന്ന് അദ്ദേഹത്തിനു പോലും അറിയില്ലെന്നും ഒന്നിനും കൊള്ളാത്ത പ്രസിഡന്‍റായിരുന്നു ഒബാമയെന്നും ട്രംപ് പറഞ്ഞു.
“നോക്കൂ, ആളുകൾക്ക് ട്രംപിനെ ഇഷ്ടമായാലും ഇല്ലെങ്കിലും, ഞാൻ എട്ട് യുദ്ധങ്ങളാണ് അവസാനിപ്പിച്ചത്. വലിയ കാര്യമാണത്. യുദ്ധങ്ങൾ അവസാനിപ്പിച്ചതിലൂടെ കോടിക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കാനായി. അതിൽ ചില സംഘർഷങ്ങൾ 36 വർഷവും 32 വർഷവും 31 വർഷവും 28 വർഷവും 25 വർഷവുമെല്ലാം നീണ്ടുനിന്നതാണ്. ചിലത്, ഇന്ത്യ -പാകിസ്താൻ സംഘർഷം പോലുള്ളവ യുദ്ധാരംഭമായിരുന്നു, എട്ട് ജെറ്റുകളാണ് സംഘർഷത്തിൽ വെടിവെച്ചിട്ടത്. ആണവ ശേഷിയുള്ള രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്താനും. പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് കഴിഞ്ഞ വർഷം യു.എസ് സന്ദർശിച്ചിരുന്നു. കോടിക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതിന് അദ്ദേഹം നന്ദി പറഞ്ഞു” -ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആദ്യമായല്ല ട്രംപ് നൊബേലിന് താൻ അർഹനാണെന്ന അവകാശവാദവുമായി രംഗത്തുവരുന്നത്. കഴിഞ്ഞ മേയിലുണ്ടായ ഇന്ത്യ-പാക് സംഘർഷത്തിനു പിന്നാലെ, താനാണ് വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചതെന്ന് അവകാശപ്പെട്ട് ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാൽ മൂന്നാമതൊരു കക്ഷി ഇടപെട്ടിട്ടില്ലെന്നും ഇന്ത്യ -പാകിസ്താൻ സൈനിക തലത്തിൽ നടത്തിയ ഉഭയകക്ഷി ചർച്ചയുടെ ഫലമായാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യ-പാക് സംഘർഷത്തിനു പുറമെ പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും ഉൾപ്പെടെ യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചെന്നാണ് ട്രംപിന്‍റെ വാദം. ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ ഓപറേഷൻ സിന്ദൂറിലൂടെ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തിരുന്നു. ഇതിനു പിന്നാലെയാണ് സൈനിക സംഘർഷമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

