ഈ പുരസ്കാരത്തിൽ സമാധാനമെത്ര?
text_fieldsസമാധാന നൊബേൽ പുരസ്കാര ജേതാവ് മരിയ കൊരീന മഷാദോയുടെ ജനാധിപത്യാവകാശ പോരാട്ടങ്ങൾക്കൊപ്പം അവരുടെ യു.എസ്-ഇസ്രായേൽ പക്ഷ നിലപാടുകളും ചർച്ചയാകുന്നു നൊബേൽ ചരിത്രത്തിൽതന്നെ ആദ്യമായിട്ടായിരിക്കും ഒരാൾ പുരസ്കാരത്തിനായി അവകാശവാദമുന്നയിച്ച് മുന്നോട്ടുവരുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം, ഇന്ത്യ-പാക് അതിർത്തി സംഘർഷം, ഗസ്സയിലെ ഇസ്രായേൽ ആക്രമണം തുടങ്ങിയ വിഷയങ്ങൾ പരിഹരിച്ചത് താനാണെന്നും അതിനാൽ ലോകം മുഴുവൻ തന്നെ സമാധാന നൊബേലിന് നാമനിർദേശം ചെയ്യണമെന്നും ആവശ്യപ്പെട്ട് പലകുറി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. അതുകൊണ്ടുതന്നെ, പലരും അദ്ദേഹത്തിന് നൊബേൽ പ്രതീക്ഷിച്ചതുമാണ്.
എന്നാൽ, വെള്ളിയാഴ്ച നോർവീജിയൻ നൊബേൽ കമ്മിറ്റി സമാധാന പുരസ്കാരം പ്രഖ്യാപിച്ചത് വെനിസ്വേലയുടെ പ്രതിപക്ഷ നേതാവ് മരിയ കൊരീന മഷാദോക്ക്. രാജ്യത്ത് സുതാര്യമായ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനും പാർലമെന്ററി രാഷ്ട്രീയത്തെ ഏകാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിലേക്ക് പരിവർത്തിപ്പിക്കുന്നതിനുമായി അവർ നടത്തിയ പോരാട്ടങ്ങളെയും സ്മരിച്ചാണ് മരിയ മഷാദോക്ക് പുരസ്കാരം നൽകിയിരിക്കുന്നതെന്ന് നൊബേൽ കമ്മിറ്റി പറഞ്ഞു.
ഭരണകൂടത്തിനെതിരെ പോർമുഖത്ത്
നൊബേൽ കമ്മിറ്റി നിരീക്ഷിച്ചതുപോലെ, 2002 മുതൽ ചാവെസ് ഭരണകൂടത്തിനെതിരെ പോർമുഖത്തുണ്ട് മഷാദോ. കടുത്ത സാമ്രാജ്യത്വ വിരുദ്ധ സമീപനം ചാവെസ് സ്വീകരിക്കുമ്പോഴും ഒരു ഭരണകൂട തലവൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വിമർശിക്കപ്പെട്ടിട്ടുണ്ട്. നാഷനൽ അസംബ്ലിയിൽ പ്രതിപക്ഷത്തിന് അർഹമായ സ്ഥാനമില്ലാത്തതും തെരഞ്ഞെടുപ്പുകൾ സുതാര്യമല്ലാത്തതുമൊക്കെ ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭങ്ങൾ അവിടെ നടന്നിട്ടുണ്ട്.
എന്നാൽ, ശിഥിലമായ പ്രതിപക്ഷസ്വരങ്ങളെ എളുപ്പത്തിൽ അടിച്ചമർത്താനും അവഗണിക്കാനും ചാവെസിനും തുടർന്നുവന്ന മദൂറോക്കും എളുപ്പത്തിൽ കഴിഞ്ഞിരുന്നു. എന്നാൽ, പ്രതിപക്ഷത്തെ ഐക്യപ്പെടുത്താനും ജനാധിപത്യ തെരഞ്ഞെടുപ്പ് സംബന്ധിച്ച് രാജ്യത്ത് അവബോധം സൃഷ്ടിക്കാനും മഷാദോക്ക് കഴിഞ്ഞു. 2024ലെ തെരഞ്ഞെടുപ്പിൽ അവർക്ക് മത്സരിക്കാനായില്ലെങ്കിലും ശക്തമായ പ്രതിപക്ഷ നിരയെ മദൂറോക്കെതിരെ അണിനിരത്താൻ അവർക്കായി. ഇതിനിടയിൽ പലകുറി അവർ തടവറയിലുമായി.
‘ശത്രുരാജ്യത്തിന്റെ സുഹൃത്ത്’
എന്നാൽ, ഇതിനപ്പുറം മഷാദോയുടെ രാഷ്ട്രീയ നിലപാടുകൾ വലിയ വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ചാവെസിന്റെ സോഷ്യലിസ്റ്റ് നയങ്ങൾക്കെതിരെ ‘ജനകീയ മുതലാളിത്ത’മെന്ന പേരിൽ അവർ അവതരിപ്പിച്ചത് പൂർണമായും യു.എസ് താൽപര്യങ്ങളായിരുന്നു. പൊതുമേഖല സ്ഥാപനങ്ങളെല്ലാം സ്വകാര്യവത്കരിക്കണമെന്നാണ് ഒരാവശ്യം. ലോകത്ത് ഒരു രാജ്യം നേരിട്ട് നിയന്ത്രിക്കുന്ന ഏറ്റവും വലിയ പെട്രോളിയം കമ്പനിയാണ് വെനിസ്വേലയിലെ പി.ഡി.വി.എസ്.എ. 1976ൽ ആരംഭിച്ച, ഏതാണ്ട് മുക്കാൽ ലക്ഷം പേർ ജോലിയെടുക്കുന്ന ഈ സ്ഥാപനം വെനിസ്വേലയുടെ അഭിമാന സ്തംഭവും അവരുടെ സാമ്രാജ്യത്വ വിരുദ്ധ നയങ്ങളുടെ പ്രതീകവുമാണ്. ഈ സ്ഥാപനം സ്വകാര്യവത്കരിക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
മദൂറോ സർക്കാറിനെ താഴെ ഇറക്കാൻ യു.എസ് സൈന്യത്തെ ഇറക്കണമെന്നും അവർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ട്രംപിന്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും നയങ്ങളുടെ ആരാധികയായ അവർ, വെനിസ്വേലയിലെ ഇന്ധനശേഖരങ്ങൾ മുന്നിൽകണ്ടുള്ള അമേരിക്കൻ അധിനിവേശ ശ്രമങ്ങളെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്.
വംശഹത്യയിൽ മൗനം
മഷാദോയുടെ ഇസ്രായേൽ അനുകൂല നിലപാടുകളും നേരത്തേ ചർച്ചയായിട്ടുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ അടുത്ത സുഹൃത്തായ മരിയ ഗസ്സയിൽ ഉൾപ്പെടെ രാജ്യം നടത്തുന്ന അധിനിവേശങ്ങൾക്കെതിരെ വലിയ വിമർശനങ്ങൾ ഉയർത്തിയില്ല എന്നതും ശ്രദ്ധേയമാണ്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യമായ ലികുഡുമായി ചേർന്ന് പ്രവർത്തിക്കാൻ മഷാദോയുടെ പാർട്ടി കരാർ ഒപ്പിട്ടിരുന്നു.
2019ൽ വെനിസ്വേലയിൽ മഷാദോ നടത്തുന്ന പോരാട്ടം ഇസ്രായേലിന്റെ കൂടിയാണെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേലിന് നേരെ ഹമാസ് ആക്രമണം നടത്തിയപ്പോൾ രൂക്ഷമായ വിമർശനം ഉയർത്തിയ അവർ പിന്നീട് ഗസ്സയിൽ വംശീയാക്രമണത്തിൽ മൗനം പാലിച്ചു. മദൂറോയെ താഴെ ഇറക്കാൻ 2018ൽ ഇസ്രായേൽ സൈന്യത്തോട് അഭ്യർഥിച്ച് അവർ നെതന്യാഹുവിന് കത്തയച്ചതും വിവാദമായിരുന്നു. ടെ വാഗ്ദാനങ്ങളിലൊന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

