ട്രംപിന് നൊബേൽ ഇല്ല; സമാധാനത്തിനുള്ള പുരസ്കാരം സ്വന്തമാക്കി മരിയ കൊറിന മചാഡോ
text_fieldsമരിയ കൊറിന മചാഡോ
ഓസ്‍ലോ: 2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനസ്വേലൻ പൊതുപ്രവർത്തക മരിയ കൊറിന മചാഡോക്ക്. വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ കൊറിന നടത്തിയ ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. നൊബേൽ സമ്മാനം തനിക്ക് ലഭിക്കണമെന്ന ആവശ്യവുമായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത് വന്നതിനിടെയാണ് നൊബേൽ കമ്മിറ്റിയുടെ സുപ്രധാന പ്രഖ്യാപനം.
‘വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്‌നത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നൽകുന്നത്’ -നൊബേല്‍ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
സമാധാന നൊബേലിന് തന്റെയത്ര അര്‍ഹത മറ്റാര്‍ക്കുമില്ലെന്ന അവകാശവാദം ഡോണൾഡ് ട്രംപ് നിരന്തരം ആവര്‍ത്തിച്ചിരുന്നു. അധികാരത്തിലേറി ഏഴുമാസത്തിനകം ഇന്ത്യ-പാകിസ്താന്‍, കംബോഡിയ-തായ്‌ലാന്‍ഡ്, കൊസോവോ-സെര്‍ബിയ, കോംഗോ-റുവാണ്ട, ഇസ്രായേല്‍-ഇറാന്‍, ഈജിപ്ത്-ഇത്യോപ്യ, അര്‍മേനിയ-അസര്‍ബൈജാന്‍ തുടങ്ങിയ ഏഴ് അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍/ യുദ്ധങ്ങള്‍ താന്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ട്രംപിന്റെ വാദം.
തെക്കേ അമേരിക്കയിൽ അടുത്തിടെയുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുൻനിരയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളാണ് മരിയ കൊറിന മചാഡോ. വെനസ്വലയിലെ ചിതറിക്കിടന്ന പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിൽ നിർണായക പങ്കാണ് ഇവർ വഹിച്ചത്. വെനസ്വേലൻ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയ കൊറിന 2002ലാണ് രാഷ്ട്രീയത്തിലെത്തിയത്. അലക്സാൻഡ്രോ പ്ലാസിനൊപ്പം രാഷ്ട്രീയത്തിൽ സജീവമായ മചാഡോ പിന്നീട് വെന്റെ വെനസ്വേല പാർട്ടിയുടെ ദേശീയ കോർഡിനേറ്ററായി.
2012ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014ൽ നിക്കോളാസ് മഡുറോ സർക്കാരിനെതിരായ വെനസ്വേലൻ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. 2018ൽ ബി.ബി.സി തെരഞ്ഞെടുത്ത ലോകത്തെ 100 ശക്തയായ വനിതകളിൽ ഒരാളാണ്. ഈ വർഷം ലോകത്തെ സ്വാധീനിച്ച 100 വനിതകളെ ടൈം മാഗസിൻ തിരഞ്ഞെടുത്തപ്പോഴും അവർ ഉൾപ്പെട്ടു. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന്‍റെ പരമോന്നത മനുഷ്യാവകാശ പുരസ്‌കാരം മരിയ കോറിന മചാഡോ മറ്റൊരു വെനസ്വേലന്‍ പ്രതിപക്ഷ രാഷ്ട്രീയക്കാരനായ എഡ്മുണ്ടോ ഗോണ്‍സാലസ് ഉറുട്ടിയക്കൊപ്പം പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

